
കുട്ടനാട് : കൊയ്ത്ത് പൂർത്തിയാകും മുമ്പെത്തിയ വേനൽ മഴ കുട്ടനാടൻ കർഷകരെ ആശങ്കയിലാക്കുന്നു. പാടത്ത് വെള്ളം കെട്ടിനിന്നാൽ യന്ത്രമുപയോഗിച്ചുള്ള കൊയ്ത്ത് തടസപ്പെടും. ഒന്നര മാസം മുമ്പ് ആരംഭിച്ച കൊയ്ത്ത് പൂർത്തീകരിക്കാൻ ഇനി കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. പല പ്രധാന കായൽനിലങ്ങളിലേയും പാടശേഖരങ്ങളിലേയും കൊയ്ത്ത് പൂർത്തിയായിട്ടില്ല.
ഇരുപത്തിനാലായിരം കായൽ, 600 ഏക്കറുള്ള രാജപുരം, 370 ഏക്കറുള്ള തെക്കേ മതികായൽ, 300 ഏക്കറുള്ള വടക്കേ മതികായൽ, മഠത്തികായൽ താഴ്ച, മഠത്തികായൽ പൊക്കം തുടങ്ങിയ കായൽനിലങ്ങൾക്ക് പുറമെ രാമങ്കരി, പുളിങ്കുന്ന്, വെളിയനാട്,ചമ്പക്കുളം, മുട്ടാർ കൃഷി ഭവനുകൾക്ക് കീഴിലുള്ള നിരവധി പാടശേഖരങ്ങളിലുമാണ് കൊയ്ത്ത് പൂർത്തിയാകാനുള്ളത്. കഴിഞ്ഞ രണ്ടു ദിവസം പെയ്ത ശക്തമായ വേനൽ മഴയും കാറ്റും മൂലം മിക്ക പാടശേഖരങ്ങളിലെയും കൊയ്യാറായ നെല്ല് നിലം പതിച്ചു . പാടത്ത് വീണുകിടക്കുന്ന നെല്ല് കിളിർത്തു തുടങ്ങിയാൽ പ്രശ്നം ഗു
രുതരമാകും. നെല്ല് സംഭരിക്കുന്നത് മില്ലുടമകൾ നിറുത്തിവച്ചാൽ പ്രതിസന്ധി ഇരട്ടിപ്പിക്കും.ചുമടെടുപ്പ് തർക്കം ഉണ്ടായതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുട്ടനാട്ടിലെ പല പാടശേഖരങ്ങളിലും കൊയ്ത്തും നെല്ല് സംഭരണവും തടസ്സപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വേനൽ മഴ എത്തിയത്.