കായംകുളം: കായംകുളത്ത് പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണ സ്ഥലത്തേയ്ക്ക് കൊണ്ടുവന്ന ഒരു ലോഡ് ആക്രി കമ്പികൾ നാട്ടുകാർ തടഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിയോടെ എത്തിച്ച കമ്പികളാണ് തടഞ്ഞിട്ടിരിക്കുന്നത്.
നീളമുള്ളതും മുറിച്ചതുമായ പല വലിപ്പത്തിലുള്ള കമ്പികൾ യു.പി യിൽ നിന്നാണ് എത്തിച്ചത്. എന്നാൽ ഇത് പാലം നിർമ്മാണത്തിന് ഉപയോഗിക്കുവാനുള്ളതല്ലെന്നാണ് കരാറുകാരുടെ വിശദീകരണം.
കോഴിക്കാട് ആസ്ഥാനമായ സൽമെക് എൻജിനിയറിംഗ് കമ്പനിയാണ് കരാറുകാർ. പാലത്തിന്റെ ബീമിന്റെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബീം വാർക്കുമ്പോൾ സ്റ്റേ കൊടുക്കുവാനാണ് ആക്രി കമ്പികൾ കൊണ്ടുവന്നതെന്നാണ് കരാറുകാർ പറയുന്നത്. എന്നാൽ പാലത്തിന്റെ ആവശ്യങ്ങൾക്ക് ഇറക്കിയിരിക്കുന്ന നല്ല കമ്പികൾക്ക് ഇടയിലേയ്ക്കാണ് ആക്രി കമ്പികൾ ഇറക്കാൻ ശ്രമിച്ചത്.
5 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിയ്ക്കുന്നത് ഇപ്പോൾ 40 ശതമാനം പണികൾ പൂർത്തിയായി.
സൂപ്രണ്ടിംഗ് എൻജിനീയർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തി.
ബിം വാർക്കുന്നതിന് സപ്പോർട്ടിനായാണ് കമ്പികൾ ഇറന്നിയതെന്ന് പാലം വിഭാഗം അസി. എൻജിനീയർ കേരളകൗമുദിയോട് പറഞ്ഞു.