
പുന്നമടക്കായലിലെ ഓളങ്ങളെ കീറിമുറിച്ച് ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്ന ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിന്റെ ത്രില്ലാണ് ആലപ്പുഴയിലെ രാഷ്‌ട്രീയ പോരാട്ടത്തിനും. മന്ത്രിമാരായ ജി. സുധാകരൻ, തോമസ് ഐസക്, പി.തിലോത്തമൻ എന്നീ അമരക്കാരെ ഗാലറിയിൽ ഇരുത്തിയുള്ള മത്സരം അവസാന ലാപ്പിലേക്ക് കടന്നതോടെ ആര് വിജയിക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ. ഈ അവസരം മുതലെടുക്കാൻ യു.ഡി.എഫ് ആഞ്ഞു തുഴയുമ്പോൾ എൽ.ഡി.എഫിലെ പുതുമുഖങ്ങളും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒമ്പതു മണ്ഡലങ്ങളിൽ എട്ടിനും നിറം ചുവപ്പായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജയിച്ച ഹരിപ്പാട് മാത്രമായിരുന്നു യു.ഡി.എഫിന്റെ 'കൈമുതൽ'. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്‌മാനിലൂടെ അരൂർ കൂടി പിടിച്ചെടുത്ത് യു.ഡി.എഫ് നില മെച്ചപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതിനായിരുന്നു ആധിപത്യം. അരൂർ, കായംകുളം മണ്ഡലങ്ങളിൽ വനിതാ സിറ്റിംഗ് എം.എൽ.എമാർക്കെതിരെ വനിതകൾ തന്നെ പ്രധാന എതിരാളികളെന്ന പ്രത്യേകതയും ആലപ്പുഴയിലെ പോരാട്ടത്തിനുണ്ട്. നില മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങൾക്കിടെ എൽ.ഡി.എഫ് വിട്ടെത്തിയ മൂന്നു പേർ എൻ.ഡി.എ സ്ഥാനാർത്ഥികളുമായി.
ആലപ്പുഴയും അമ്പലപ്പുഴയും
ആലപ്പുഴയുടെ ഹൃദയഭാഗങ്ങൾ നെഞ്ചോട് ചേർത്താണ് രണ്ടു മണ്ഡലങ്ങളുടെയും നിൽപ്പ്. മന്ത്രിമാരായ തോമസ് ഐസക്കും, ജി. സുധാകരനും മാറിനിന്നതോടെ കോൺഗ്രസ് ശക്തരെ നിറുത്തി മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ്. അപകടം മണത്ത ഇടതുമുന്നണി സ്ഥാനാർത്ഥികൾക്കൊപ്പം രണ്ടു മന്ത്രിമാരെയും പ്രചാരണത്തിനിറക്കിയാണ് പ്രതിരോധിക്കുന്നത്. ആലപ്പുഴയിൽ ഇടതുമുന്നണിക്കായി പി.പി. ചിത്തരഞ്ജനും യു.ഡി.എഫിനായി മുൻ എം.പി ഡോ. കെ.എസ്. മനോജുമാണ് ഏറ്റുമുട്ടുന്നത്. ബി.ജെ.പി സ്ഥാനാർത്ഥിയായി സംസ്ഥാന സമിതിയംഗം സന്ദീപ് വാചസ്‌പതിയും എത്തിയതോടെ മത്സരം കടുത്തു. അമ്പലപ്പുഴയിൽ മന്ത്രി സുധാകരന് പകരം എച്ച്. സലാം എത്തിയപ്പോൾ മണ്ഡലം തിരികെ പിടിക്കാൻ യു.ഡി.എഫ് ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനെയാണ് കളത്തിലിറക്കിയത്. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.രണ്ടിടത്തും പ്രവചനം അസാദ്ധ്യം.
ത്രികാേണപ്പോര്
ബി.ഡി.ജെ.എസ് കരുത്തുകാട്ടുന്ന അരൂർ, ചേർത്തല, കുട്ടനാട് മണ്ഡലങ്ങൾ ഇരുമുന്നണികളെയും ഭയപ്പെടുത്തുന്നു. അരൂരിൽ കഴിഞ്ഞ തവണ 27,000 ത്തിലധികം വോട്ടുകൾ നേടിയ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ തന്നെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും ഇടതുമുന്നണിക്കായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പിന്നണിഗായികയുമായ ദലീമ ജോജോയുമാണ് ഏറ്റുമുട്ടുന്നത്. ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് രണ്ടായിരത്തിൽ താഴെയായിരുന്നു ഭൂരിപക്ഷം.
ചേർത്തലയിൽ മന്ത്രി പി. തിലോത്തമന് പകരം പി. പ്രസാദാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. തിലോത്തമനെ കഴിഞ്ഞതവണ നേരിട്ട എസ്. ശരത്താണ് യു.ഡി.എഫിനായി പോരാടുന്നത്. സി.പി.എം വിട്ടെത്തിയ തണ്ണൂർമുക്കം പഞ്ചായത്ത് മുൻ
പ്രസിഡന്റ് പി.എസ് ജ്യോതിസാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ ഇവിടെ ബി.ഡി.ജെ.എസ് വോട്ട് 20,000 ത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. ഈഴവർക്ക് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ ജ്യോതിസ് മാത്രമാണ് ആ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി. ഇപ്പോൾ മണ്ഡലം ത്രികാേണ പോരിന്റെ ചൂടിലാണ്. നെല്ലറയായ കുട്ടനാട്ടിലും മത്സരം പ്രവചനാതീതം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.സി.പിയിലെ തോമസ് കെ. തോമസും യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസിലെ ജേക്കബ് എബ്രഹാമുമാണ് ഏറ്റുമുട്ടുന്നത്. സി.പി.ഐയിൽ നിന്നെത്തിയ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ബി.ഡി.ജെ.എസ് ഇവിടെ കഴിഞ്ഞ തവണ 33,000 വോട്ടുകൾ നേടിയിരുന്നു. എം.എൽ.എയായിരുന്ന തോമസ് ചാണ്ടിയുടെ വികസനനേട്ടങ്ങൾ നിരത്തിയാണ് സഹോദരനായ തോമസ് കെ. തോമസിന്റെ പ്രചാരണം.അതിനാൽ കുട്ടനാട് ആര് കൊയ്‌തെടുക്കുമെന്ന് പറയാനാവില്ല.
ഹാട്രിക്കടിക്കാൻ ചെന്നിത്തല
ഹാട്രിക് വിജയം തേടിയാണ് രമേശ് ചെന്നിത്തല സ്വന്തം തട്ടകമായ ഹരിപ്പാട്ട് ഇറങ്ങിയിരിക്കുന്നത്. എതിരാളികൾ എ.ഐ.വൈ.എഫ് നേതാവ് സജിലാലും (എൽ.ഡി.എഫ്) എൻ.ഡി.എയിലെ കെ. സോമനും. കായംകുളത്ത് സി.പി.എമ്മിലെ സിറ്റിംഗ് എം.എൽ.എ യു. പ്രതിഭയെ നേരിടുന്നത് യു.ഡി.എഫിലെ അരിത ബാബുവും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി പ്രദീപ് ലാലും.
ചെങ്ങന്നൂരും ഡീൽ വിവാദവും
സി.പി.എം - ബി.ജെ.പി ഡീലെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിന്റെ തുറന്നു പറച്ചിലിലൂടെ ചെങ്ങന്നൂരിലെ പോരാട്ടവും ശ്രദ്ധേയമാകുന്നു. സിറ്റിംഗ് എം.എൽ.എ സജി ചെറിയാനും യു.ഡി.എഫിലെ എം. മുരളിയും എൻ.ഡി.എയിലെ എം.വി. ഗോപകുമാറും തമ്മിലാണ് പോരാട്ടം. ചെറുപ്പത്തിൽ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയ എം.എസ്. അരുൺകുമാറാണ് മാവേലിക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. മുൻ എം.എൽ.എ കെ.കെ.ഷാജു യു.ഡി.എഫിനായും സി.പി.എം വിട്ടെത്തിയ കെ. സഞ്ജു എൻ.ഡി.എ സ്ഥാനാർത്ഥിയായും മണ്ഡലത്തിൽ സജീവമാണ്. ഷാജുവും നേരത്തേ സി.പി.എം കൊടിക്കീഴിലായിരുന്നുവെന്നത് മറ്റൊരു കൗതുകം.
വോട്ടു ശതമാനം
എൽ.ഡി.എഫ്: 45.01%
യു.ഡി.എഫ്: 36.11 %
എൻ.ഡി.എ: 16.76%
മറ്റുള്ളവർ: 1.59 %
മണ്ഡലങ്ങൾ: 09
എൽ.ഡി.എഫ്: 07
യു.ഡി.എഫ്: 02