ഹരിപ്പാട്: സംസ്ഥാനത്തെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടെ ഹരിപ്പാട്ടെ വിവിധ പ്രദേശങ്ങളിൽ വോട്ടഭ്യർത്ഥിച്ച് ഹരിപ്പാട് മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായി രമേശ് ചെന്നിത്തല. കാസർകോട് മുതൽ തൃശൂർ വരെയുളള ജില്ലകളിലെ പര്യടനം പൂർത്തിയാക്കി മദ്ധ്യകേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഇന്നലെ ചെന്നിത്തല ഹരിപ്പാട് എത്തിയത്. ആറാട്ടുപുഴ, തൃക്കന്നപ്പുഴ, കരുവാറ്റ, ഹരിപ്പാട്, പളളിപ്പാട്, ചേപ്പാട് കാർത്തികപ്പളളി പ്രദേശങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചു. തൃക്കുന്നപ്പുഴ പതിയാങ്കരയിലെ മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചു. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വിവാഹ വീടുകളും മരണവീടുകളും സന്ദർശിച്ചു. നങ്ങ്യാർകുളങ്ങര ജംഗ്ഷനിലെ ഓട്ടോത്തൊഴിലാളികളോടും പളളിപ്പാട് പൊയ്യക്കര, മുട്ടം ചൂണ്ടുപലക ജംഗ്ഷൻ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വോട്ടഭ്യർത്ഥിച്ചു.