s

തുറവൂർ: പ്രചാരണം മൂർദ്ധന്യത്തിലായതോടെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണി സ്ഥാനാർത്ഥികൾ. സീറ്റ് നിലനിറുത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും സീറ്റ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ദെലീമ ജോജോയും നിർണായക ശക്തിയാകാൻ എൻ.ഡി.എയുടെ സ്ഥാനാർത്ഥി ടി. അനിയപ്പനും പ്രചാരണ രംഗത്ത് അരയും തലയും മുറുക്കുമ്പോൾ ത്രികോണമത്സരച്ചൂടി​ലാണ് അരൂർ.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ദെലീമ ജോജോയുടെ പ്രചാരണം ജില്ലയിലെ ഏക തീപ്പെട്ടി കമ്പിനിയായ മനക്കോടത്തെ തണ്ടാർ ആൻഡ് സൺസ് കമ്പനിയിലെ തൊഴിലാളികളെ സന്ദർശിച്ചാണ് ആരംഭി​ച്ചത്. പിന്നീട് പീലിംഗ് ഷെഡുകളിൽ എത്തി സ്ത്രീ തൊഴിലാളികളെ കണ്ട് വോട്ട് തേടി. ഉച്ചയ്ക്ക് ശേഷം കോടംതുരുത്തിലെ വിവിധ തൊഴിലിടങ്ങളിലും വല്ലേത്തോട്ടിലെ പീലിംഗ് കേന്ദ്രങ്ങളിലും എത്തി വോട്ട് തേടി . വൈകിട്ട് എരമല്ലൂരിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാർഥിയായ ഷാനിമോൾ ഉസ്മാൻ രാവി​ലെ കുത്തിയതോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി വോട്ട് തേടി. തൊഴിലുറപ്പു തൊഴിലാളികളെയും കണ്ടു. വൈകിട്ട് അരൂക്കുറ്റി പഞ്ചായത്തിലെ 16 കേന്ദ്രങ്ങളിൽ സ്വീകരണയോഗങ്ങളി​ൽ പങ്കെടുത്തു.

ഇന്നലെ രാവിലെ പള്ളിത്തോട്ടിൽ നിന്നുമാണ് എൻ.ഡി.എ.സ്ഥാനാർത്ഥി ടി. അനിയപ്പന്റെ പ്രചാരണം ആരംഭിച്ചത്. പള്ളിത്തോട് മരിയസദനിലെത്തി അന്തേവാസികളെ കണ്ടു . തുടർന്ന് കനോഷ്യൻ കോൺവെന്റി​ൽ കന്യാസ്ത്രീകളെ സന്ദർശിച്ചു വോട്ടഭ്യർത്ഥിച്ചു. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയെ സന്ദർശിച്ചു. തുടർന്ന് പീലിംഗ് ഷെഡിലെത്തി തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥന നടത്തി. പള്ളിത്തോട് മേഖലയിലെ തൊഴിലുറപ്പു തൊഴിലിടങ്ങൾ സന്ദർശിച്ച് തൊഴിലാളികളോട് വോട്ട് തേടി. വൈകിട്ട് പള്ളിപ്പുറത്ത് നിന്ന് ആരംഭിച്ച സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ സ്ത്രീകളടക്കം നിരവധി പേർ എത്തിയിരുന്നു.രാത്രിയോടെ രാമേശ്വരത്ത് പര്യടനം അവസാനിച്ചു.