t

ആലപ്പുഴ: ഇടതു കൈയിലെ ചൂണ്ടുവിരൽ തുമ്പിൽ ആദ്യമായി വോട്ടുമഷി പതിയുന്ന മുഹൂർത്തം മുന്നിലെത്താൻ
ജില്ലയിൽ കാത്തിരിക്കുന്നത് 89,745 കന്നി വോട്ടർമാർ. വ്യക്തമായ രാഷ്ട്രീയമുള്ളവരും നിഷ്പക്ഷരും ഇക്കൂട്ടത്തി​ലുണ്ട്. രണ്ടാം വി​ഭാഗത്തി​ൽപ്പെടുന്ന പരമാവധി​ പേരെ തങ്ങളി​ലേക്ക് അടുപ്പി​ക്കാനുള്ള പതി​നെട്ടടവും പുറത്തി​റക്കി​ പൊരുതുകയാണ് നേതാക്കൾ.

ഏറ്റവും കൂടുൽ കന്നി​വോട്ടുകൾ കായകുളത്തും (14,102) കുറവ് കുട്ടനാട്ടി​ലുമാണ് (4,226). മറ്റു മണ്ഡലങ്ങളിലെ പുതിയ വോട്ടർമാർ: അരൂർ:11,555, ചേർത്തല:8,227, ആലപ്പുഴ: 8,842, അമ്പലപ്പുഴ:10,317, ഹരിപ്പാട്:11,656, മാവേലിക്കര:8,955, ചെങ്ങന്നൂർ:11,365. ഓരോ മണ്ഡലത്തിലും 40,000നും 50,000നും ഇടയിൽ യുവ വോട്ടർമാരുണ്ട്. ഇവരുടെ നിലപാടുകൾ ജയപരാജയത്തെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ല.

എൻ.ഡി.എ കേന്ദ്ര സർക്കാരിന്റെയും എൽ.ഡി.എഫ് സംസ്ഥാന സർക്കാരിന്റെയും യുവജന ക്ഷേമ പദ്ധതികൾ ചൂണ്ടിക്കാട്ടുമ്പൾ നിയമന നിരോധനവും പിൻവാതിൽ നിയമനവും ഉയർത്തിയാണ് യു.ഡി.എഫ് കന്നിവോട്ടർമാരെ സമീപിക്കുന്നത്. ഇവരെ സ്ഥാനാർത്ഥികൾ ഫോണിൽ വിളിച്ചും വാട്ട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾ പ്രയോജനപ്പെടുത്തിയും വോട്ടു തേടുന്നുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ യുവജന-വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ബൂത്ത് തലതിൽ സ്ക്വാഡ് പ്രവത്തനം ആരംഭിച്ചു.

.......................................

വാട്ട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്രചാരണത്തിനാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. ഓരോബൂത്തിലും പ്രത്യേകം ലിസ്റ്റ് തയ്യാറാക്കി പരമാവധി യുവ വോട്ടർമാരെ സ്ഥാനാർത്ഥിക്ക് നേരിൽ കാണാനുള്ള അവസരം ഒരുക്കുന്നുണ്ട്. കേന്ദ്രസർക്കാർ നടപ്പാക്കിയ യുവജന ക്ഷേമ പദ്ധതികളും വികസനവും തൊഴിൽ ഉറപ്പാക്കൽ പദ്ധതിയും വിശദീകരിക്കാൻ യുവമോർച്ച പ്രവർത്തകർ സജീവമായി ഓരോബൂത്തിലും പ്രവർത്തിക്കുന്നുണ്ട്

അനീഷ് തിരുവമ്പാടി, ജില്ലാ പ്രസിഡന്റ്, യുവമോർച്ച

...............................

യുവ വോട്ടർമാരെയും കന്നിവോട്ടർമാരെയും ഉൾപ്പെടുത്തി ബൂത്ത് തലത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി യുവജനങ്ങളുടെ തൊഴിൽപരവും വിദ്യാഭ്യാസപരവുമായ പദ്ധതികൾ വിശദീകരിക്കുന്നുണ്ട്. ഇതിന് പുറമേ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രത്യേക സ്ക്വാഡും ഓരോബൂത്തിലും പ്രചാരണം നടത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു

അഡ്വ. എം.എം. അനസ് അലി, സംസ്ഥാന കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ

.....................

കന്നിവോട്ടർമാരെ യു.ഡി.എഫിനൊപ്പം ചേർത്തു നിറുത്താൻ ആവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ ബൂത്ത് തലത്തിൽ നടത്തുന്നുണ്ട്. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്ന സംസ്ഥാന സർക്കാരിന്റെ യുവജന വിരുദ്ധ നിലപാട് കന്നിവോട്ടർമാരെയും യുവവോട്ടർമാരെയും ബോദ്ധ്യപ്പെടുത്തും

ടിജിൻ ജോസഫ്, ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്