
ആലപ്പുഴ: സർവ്വത്ര വെള്ളത്താൽ ചുറ്റപ്പെട്ട് കിടന്നിട്ടും ശുദ്ധജല ക്ഷാമം നേരിടുന്ന കുട്ടനാട്ടിൽ സ്ഥാനാർത്ഥികളുടെ വാഗ്ദാനവും, വോട്ടർമാരുടെ പരാതിയും ഒന്നുതന്നെ; കുടിവെള്ളം! മണ്ഡലത്തിലെ 13 പഞ്ചായത്തുകളും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകതയാൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകളും പ്രദേശത്തെ സുഗമമായ യാത്രയ്ക്ക് തടസമാണ്.
ഹാട്രിക് വിജയം നേടിയ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പാരമ്പര്യം നിലനിറുത്താൻ എൻ.സി.പി ടിക്കറ്റിൽ എൽ.ഡി.എഫിന്റെ തോമസ് കെ.തോമസും, ചുരുങ്ങിയ വോട്ടുകൾക്ക് കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാൻ യു.ഡി.എഫിന്റെ ജേക്കബ് എബ്രഹാമും, ബി.ഡി.ജെ.എസിന്റെ ശക്തി തെളിയിക്കാൻ തമ്പി മേട്ടുതറയുമാണ് ത്രികോണ പോരാട്ടം നടത്തുന്നത്. വോട്ടെടുപ്പിന് കേവലം ഒരാഴ്ച മാത്രം ശേഷിക്കേ കരയിലും കായലിലും ഒരു പോലെ സഞ്ചരിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.
 യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജേക്കബ് എബ്രാഹാമിന്റെ പര്യടനം ഇന്നലെ മാമ്പുഴക്കരി കൊടുപ്പുന്നയിലെത്തിയപ്പോൾ ഒരു കൂട്ടം യുവാക്കൾ മണ്ഡലത്തിൽ പൊതു കളിസ്ഥലം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. വിജയിച്ചാൽ എല്ലാ പഞ്ചായത്തിലും ഓരോ കളിക്കളം നിർമ്മിക്കുമെന്ന, ചങ്ങനാശേരി എസ്.ബി കോളേജിലെ പഴയ ക്രിക്കറ്റ് താരമായ ജേക്കബ് എബ്രഹാമിന്റെ വാക്കുകൾ കൈയടിയോടെയാണ് യുവാക്കൾ സ്വീകരിച്ചത്. രാമങ്കരി മാമ്പുഴക്കരിയിൽ നിന്നായിരുന്നു ഇന്നലെ പര്യടനം ആരംഭിച്ചത്. ഓശാന ഞായറായതിനാൽ അതിരാവിലെ തന്നെ, ഇടവക ദേവാലയമായ വെളിയനാട് സെന്റ് മൈക്കിൾസ് പള്ളിയിലെത്തി കുർബാന കൂടി. കുടിവെള്ള പ്രശ്നങ്ങൾക്ക് പുറമെ പഞ്ചായത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള ഗതാഗത പ്രശ്നങ്ങളും ജനങ്ങൾ സ്ഥാനാർത്ഥിയുമായി പങ്കുവച്ചു. രാമങ്കരിയിലെ ഊരിക്കരി പാലത്തിന്റെ അറ്റകുറ്റപ്പണികൾ, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയവയ്‌ക്കെല്ലാം അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ പറഞ്ഞു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബൈക്ക് റാലിയും പര്യടനത്തിന് അകമ്പടിയായി. എടത്വ, വട്ടടി ജംഗ്ഷൻ, തോണിക്കടവ്, സെന്റ് ജോൺസ് പടി, കാരിക്കുഴി, പാണ്ടക്കരി, പൂന്തുരുത്തി, വെള്ളക്കിണർ, കൊച്ചമ്മനം തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി. രാത്രിയോടെ കുളങ്ങര യുവധാരയ്ക്ക് സമീപം പര്യടനം സമാപിച്ചു.
 എൽ.ഡിഎഫ് സ്ഥാനാർത്ഥി തോമസ് കെ.തോമസിന്റെ മണ്ഡല പര്യടനം മൂന്നാം ദിനം പിന്നിട്ടു. നിറപറയും നിലവിളക്കുമൊരുക്കി കാത്തിരുന്ന നെടുമുടി ഗ്രാമപഞ്ചായത്തിലെ പുളിക്കൽകാവ് സ്വീകരണ കേന്ദ്രത്തിലേക്കാണ് സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹം ആദ്യം കടന്നെത്തിയത്. ചുഴലിക്കാറ്റ് നാശം വിതച്ച എടത്വ, തലവടി പ്രദേശവാസികളെ നേരിൽ കണ്ടു. പുളിക്കൽ കാവ് പാലത്തിന് സമീപത്തുനിന്നു വാദ്യഘോഷങ്ങളോടെയാണ് സ്വീകരണ വേദിയിലേക്ക് സ്ഥാനാർത്ഥിയെ എതിരേറ്റത്. പഴയകരിയും പൊങ്ങയും കായലിൽപ്പറമ്പും അക്കീറ്റുമഠവും അഞ്ചങ്ങാടിയും ആയിരവേലിയും ആലക്കാടും കടന്ന് ഉച്ചയോടെ പത്തിൽപ്പാലത്തിൽ മൂന്നാം ദിന പര്യടനം സമാപിച്ചു. പാടശേഖരങ്ങളിൽ നിന്നും പണിയിടങ്ങളിൽ നിന്നുമൊക്കെ സ്ഥാനാർത്ഥിയെക്കാണാനും അഭിവാദ്യം ചെയ്യാനും ഒത്തുകൂടിയവർ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങൾക്ക് പുറമേ കടന്നുപോയ വഴികളിലുടനീളം സ്വീകരണം നൽകി. വൈകിട്ട് നീലംപേരൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനം എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ഉദ്ഘാടനം ചെയ്തു.
 കേന്ദ്രഫണ്ട് ഉപയോഗിച്ച് കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരവും, മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളും വോട്ടർമാരെ പറഞ്ഞ് മനസിലാക്കിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി തമ്പി മേട്ടുതറയുടെ പ്രചാരണം കുതിക്കുന്നത്. കഴിഞ്ഞ 20 വർഷവമും തിരഞ്ഞെടുപ്പ് വിഷയമായ കുടിവെള്ളം ഇന്നും വാഗ്ദാനമായി മാത്രം അവശേഷിക്കുന്നതായി സ്ഥാനാർത്ഥി സ്വീകരണ യോഗങ്ങളിൽ ചൂണ്ടിക്കാട്ടി. ചേർത്തലയിലെ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് സമാനമായി ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് മണ്ഡലത്തിൽ കുടിവെള്ളമെത്തിക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകി. പ്രദേശവാസികൾക്ക് ജോലി സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഇക്കോ ടൂറിസമാണ് തമ്പി മേട്ടുതറ വോട്ടർമാർക്ക് നൽകുന്ന രണ്ടാമത്തെ വാഗ്ദാനം. ഇന്നും ശുചിമുറി സൗകര്യങ്ങളില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് അവ ഉറപ്പ് നൽകിയാണ് പര്യടനം പുരോഗമിക്കുന്നത്. കേന്ദ്രം അനുവദിക്കുന്ന കോടിക്കണക്കിന് രൂപ പാഴാക്കിക്കളയുന്ന ജനപ്രതിനിധികളാണ് നാടിന്റെ ശാപമെന്നും തമ്പി മേട്ടുതറ ആരോപിക്കുന്നു. മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിലടക്കം കടന്നു ചെന്ന് പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തേടുകയാണ് സ്ഥാനാർത്ഥി.