ആലപ്പുഴ: ബാലറ്റ് തരം തിരിക്കലും, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊവിഡ് അനുബന്ധ ജോലികളും ഒരു മാസം മുമ്പേ ആരംഭിച്ച ജീവനക്കാർക്ക് പോളിംഗ് ദിനത്തിലും 'പണി' കിട്ടിയതോടെ ആകെ മുറുമുറുപ്പ്. റിട്ടേണിംഗ് ഓഫീസർമാരാകുന്ന ഉദ്യോഗസ്ഥരുടെ ഓഫീസിലുള്ള കീഴ് ജീവനക്കാരെ പോളിംഗ് ഡ്യൂട്ടിക്കിടുന്ന പതിവുണ്ടായിരുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിട്ടിരുന്നെങ്കിലും, തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ക്രമീകരണങ്ങൾ ഒരുക്കുന്ന ഇവരെ അവസാന നിമിഷം പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

തപാൽ ബാലറ്റുകൾ തരം തിരിക്കൽ, എൺപത് കഴിഞ്ഞ വോട്ടർമാർക്ക് സമ്മതിദാനത്തിനുള്ള സൗകര്യം ഒരുക്കൽ, അംഗവൈകല്യങ്ങളുള്ള വോട്ടർമാർക്ക് സൗകര്യം ഒരുക്കൽ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി പിടിപ്പത് ജോലികളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ റിട്ടേണിംഗ് ഓഫീസർമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്നലെ മുതൽ വോട്ടിംഗ് മെഷീനുകളുടെ കമ്മിഷനിംഗും ആരംഭിച്ചു. ബൂത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണവും, തിരിച്ചെടുക്കലും ഇതേ ഉദ്യോഗസ്ഥർ തന്നെ നിർവഹിക്കണം. പതിവ് പോലെ പോളിംഗ് ദിനത്തിലെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവായിക്കിട്ടുമെന്ന പ്രതീക്ഷയിൽ ഇതുവരെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ പോലും പല ഉദ്യോഗസ്ഥരും സമർപ്പിച്ചിട്ടില്ല. പോസ്റ്റൽ വോട്ടിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി എപ്രിൽ നാല് വരെ നീട്ടിയത് ആശ്വാസമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം കൊവി‌ഡ് സാഹചര്യത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇരട്ടിയാക്കിയതിനാലാണ് ആർ.ഒമാർക്ക് കീഴിലുള്ള ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്തതെന്ന് അധികൃതർ പറയുന്നു. മെഷീൻ കമ്മിഷനിംഗിനും, പോളിംഗ് ദിനങ്ങളിലും ഉദ്യോഗസ്ഥർക്ക് അലവൻസ് തുക നൽകാറുണ്ടെങ്കിലും ഓഫീസ് സംബന്ധമായി ചെയ്യുന്ന തിരഞ്ഞെടുപ്പ് ജോലികൾക്ക് ഇതര ആനുകൂല്യങ്ങൾ ലഭിക്കില്ല.

........................

ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഒരു ബൂത്തിൽ നാല് ഉദ്യോഗസ്ഥർ എന്ന കണക്കിൽ നിയോഗിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് ആർ.ഒമാർക്ക് കീഴിലുള്ള ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കാൻ സാധിക്കാത്തത്

തിരഞ്ഞെടുപ്പ് വിഭാഗം അധികൃതർ

................................

ആർ.ഒമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഡ്യൂട്ടിയിടുന്ന പ്രവണത പുതിയതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിൽ ഡ്യൂട്ടി ഇട്ടിരുന്നെങ്കിലും അമിത ജോലി ഭാരത്തെ കുറിച്ച് ബോദ്ധ്യപ്പെടുത്തിയപ്പോൾ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു

ജീവനക്കാർ