ആലപ്പുഴ: ദേശീയപാതയോരത്ത് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. എത്ര വിലക്ക് ഏർപ്പെടുത്തിയിട്ടും മാലിന്യം തള്ളൽ തുടരുന്നത് അധികൃതർ കർക്കശമായ നടപടി സ്വീകരിക്കാത്തതുകൊണ്ടാണെന്നാണ് ആക്ഷേപം. കലവൂർ, തുമ്പോളി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥിരമായി മാലിന്യം തള്ളുന്നത്. തുമ്പോളി കപ്പുച്ചിൻ ആശ്രമത്തിന് സമീപം ദേശീയപാതയുടെ പടിഞ്ഞാറ് താഴ്ന്ന പ്രദേശത്ത് മൂന്നിടത്തായാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം തള്ളിയത്. നാട്ടുകാർ രാത്രി തന്നെ പൊലീസിനെ വിവരം ധരിപ്പിച്ചെങ്കിലും എത്തിയില്ലെന്ന് പരാതിയുണ്ട്. മാലിന്യത്തിന്റെ രൂക്ഷഗന്ധം മൂലം ഭക്ഷണം കഴിക്കാൻതന്നെ ബുദ്ധിമുട്ടുന്നുവെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. സ്ഥിരമായി റോഡിന് സമീപത്തെ കുളത്തിൽ മാലിന്യം ഒഴുക്കുന്നത് മൂലം കിണർജലം മലിനമാകുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. വാഹനങ്ങൾ താഴ്ന്ന പ്രദേശത്തേക്ക് മറിയാതിരിക്കാൻ അപകട സൂചനയായി നാട്ടിയിരുന്ന ഇരുമ്പു തൂണുകൾ ഇടിച്ചുമറിച്ചാണ് ടാങ്കറുകൾ മാലിന്യം തള്ളിയത്. ഒന്നര വർഷം മുമ്പ് ഇതേ സ്ഥലത്ത് മാലിന്യം തടയാനെത്തിയ പ്രദേശവാസികളെ ടാങ്കറിലെ തൊഴിലാളികൾ മാരകായുധങ്ങൾ വീശി ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.
മൂക്കുപൊത്താതെ വീടിനുള്ളിൽ പോലും കഴിയാനാവാത്ത സ്ഥിതിയാണ്. എത്ര തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. മാലിന്യം തള്ളാനെത്തുന്നവർ മാരകായുധങ്ങളുമായാണ് എത്തുന്നത്. - പ്രദേശവാസികൾ
പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടും - നോർത്ത് പൊലീസ്