കുട്ടനാട്: കുട്ടനാടിന്റെ വികസന സ്വപ്നങ്ങൾ തകർത്തെറിഞ്ഞ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും എങ്ങനെയാണ് കുട്ടനാട്ടിലെ ജനങ്ങളോട് വോട്ടഭ്യർത്ഥിക്കാൻ കഴിയുകയെന്ന് എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ചോദിച്ചു. ഇടതു സ്ഥാനാർത്ഥി സ്ഥാനാർത്ഥി തോമസ് കെ.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നീലമ്പേരൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിമന്ത്രിയായിരുന്ന ശരത്പവാർ പ്രഖ്യാപിച്ച കുട്ടനാട് പാക്കേജിന് പിന്നിൽ പ്രവർത്തിച്ചത് ഇന്ന് നമ്മോടൊപ്പമില്ലാത്ത തോമസ് ചാണ്ടിയാണ്. ഒരിക്കൽ കേരള സന്ദർശനത്തിനെത്തിയ ശരത്പാവാറുമായി അദ്ദേഹം നടത്തിയ ബോട്ടു യാത്രയ്ക്കിടയിലാണ് കുട്ടനാട് പാക്കേജ് എന്ന ആശയം ഉരുത്തിരിഞ്ഞത്. ലോകത്തെ ഏറ്റവും വ്യത്യസ്ത കാർഷിക പ്രദേശമായ കുട്ടനാടിന്റെ വികസനത്തിനായി ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾക്കനുസൃതമായ പരിപാടികളും പദ്ധതികളും ഉണ്ടാകണമെന്ന് അദ്ദേഹം ശരത്പവാറിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിരന്തരമായ നിർബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കാർഷിക ശാസ്ത്രജ്ഞനും അന്ന് കേന്ദ്ര കാർഷിക ഉപദേഷ്ടാവുമായിരുന്ന ഡോ.എം.എസ്. സ്വാമിനാഥനെ ശരത് പവാർ ഇക്കാര്യം ചുമതലപ്പെടുത്തിയത്. തുടർന്ന് ഇവർ മൂന്നുപേരും ചേർന്ന് പലകുറി ചർച്ചചെയ്ത് പാക്കേജിന്റെ കരട് രൂപം ഉണ്ടാക്കുകയും രാജ്യത്തെ സാങ്കേതിക വിദഗ്ദ്ധരുമായി ചർച്ചചെയ്ത് അന്തിമ രൂപം നൽകുകയും ആയിരുന്നു. എന്നാൽ പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കി തുടങ്ങിയപ്പോൾ കേന്ദ്രത്തിലെ സർക്കാർ മാറുകയും എൻ.ഡി.എ അധികാരത്തിലെത്തുകയും ചെയ്തു. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തി. ഇരുകൂട്ടരും പാക്കേജ് നടപ്പാക്കുന്നതിൽ കുറ്റകരമായ അലംഭാവം കാട്ടിയെന്നും പ്രഫുൽ പട്ടേൽ ആരോപിച്ചു. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അശോകൻ അദ്ധ്യക്ഷനായി. എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരൻമാസ്റ്റർ, ഇടതുമുന്നണി നേതാക്കളായ എ. മഹേന്ദ്രൻ, എൻ. സന്തോഷ്‌കുമാർ, ജി. ഉണ്ണിക്കൃഷ്ണൻ, കെ. ഗോപിനാഥൻ, കെ. പ്രകാശൻ, ജോസ് കുറിച്ചിത്തറ, നൂറനാട് ജയകുമാർ, റഷീദ് നമ്പലശ്ശേരി, എം.ഡി. ചന്ദ്രൻ, കെ.വി. ജയപ്രകാശ് തുടങ്ങിയവർ
പങ്കെടുത്തു.