photo
തണ്ണീർമുക്കം പഞ്ചായത്ത് മരുത്തോർവട്ടത്ത് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി.എസ്. ജ്യോതിസ് വോട്ട് അഭ്യർത്ഥിക്കുന്നു

ചേർത്തല: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലായതോടെ കുടുംബ യോഗങ്ങളിൽ പങ്കെടുത്ത് നേരിട്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദ് പ്രധാനമായും കുടുംബസംഗമങ്ങളിലാണ് ഇന്നലെ പങ്കെടുത്തത്.ചെറുവാരണം,കഞ്ഞിക്കുഴി,കണ്ണാർകാട് മേഖലകളിലായി പത്തോളം കുടുംബസംഗമങ്ങളിൽ പങ്കെടുത്തു വോട്ടർമാരുമായി നേരിട്ടു സംവദിച്ചു. ഇതിനൊപ്പം ഓശാന ആഘോഷത്തിന്റെ ഭാഗമായി തങ്കിപള്ളിയിലെത്തി വിശ്വാസികളെ കണ്ടു വോട്ടുതേടി. ചേർത്തല തെക്ക് പഞ്ചായത്ത് മാടക്കൽ പ്രദേശത്തും വോട്ടുതേടി.
എൻ.ഡി.എ മഹാസമ്പർക്കത്തിന്റെ ഭാഗമായി തണ്ണീർമുക്കം 19-ാം വാർഡിൽ വീടുകൾ സന്ദർശിച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി.എസ്.ജ്യോതിസ് പ്രചാരണം തുടങ്ങിയത്. തുടർന്ന് ഓശാനയുടെ ഭാഗമായി മരുത്തോർവട്ടം സെന്റ് സെബാസ്​റ്റ്യൻസ് പള്ളിയിൽ വിശ്വാസികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു.തുടർന്ന് വാരനാട്,ചെങ്ങണ്ട,കാളികുളം എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തു.എൻ.ഡി.എ സ്ഥാനാർത്ഥിയുടെ രണ്ടാം ഘട്ട വാഹന പര്യടനവും സ്ഥാനാർത്ഥി സ്വീകരണവും ഇന്നു ആരംഭിക്കും. മുഹമ്മ ഗ്രാമപഞ്ചായത്ത് തുരുത്തി കവലയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം തണ്ണീർമുക്കം പഞ്ചായത്തിലെ കരിക്കാട് അവസാനിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.ശരത് ഇന്നലെ രാവിലെ വയലാർ,ചേർത്തല എന്നിവിടങ്ങളിൽ ഓശാനയുടെ ഭാഗമായി പള്ളികളിൽ സന്ദർശനം നടത്തി. തുടർന്ന് നഗരത്തിൽ വാഹന പ്രചാരണജാഥ മതിലകത്തുനിന്നു ആരംഭിച്ച് കു​റ്റിക്കാട്ട് കവലയിൽ സമാപിച്ചു. വടക്കേ അങ്ങാടി കവലയിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിച്ചു.