സ്റ്റേഷനുകൾ വെട്ടിക്കുറച്ചു, സമയത്തിലും മാറ്റം
ആലപ്പുഴ: ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച മെമു സർവ്വീസ് പ്രയോജനപ്പെടുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 24 ന് നിറുത്തിവച്ച മെമു ഈ മാസം 15നാണ് വീണ്ടും തുടങ്ങിയത്.
കൊല്ലം-ആലപ്പുഴ-കൊല്ലം, ആലപ്പുഴ -എറണാകുളം-ആലപ്പുഴ സർവീസുകൾ മാത്രമാണ് ആരംഭിച്ചത്. കൊല്ലം- ആലപ്പുഴ റൂട്ടിൽ മൺട്രോതുരുത്ത്, കരുവാറ്റ, തകഴി, പുന്നപ്ര സ്റ്റേഷനുകളിലും ആലപ്പുഴ-എറണാകുളം റൂട്ടിൽ തുമ്പോളി, കലവൂർ, തിരുവിഴ, വയലാർ, എഴുപുന്ന, അരൂർ സ്റ്റേഷനുകളിലും നിലവിലുണ്ടായിരുന്ന സ്റ്റോപ്പ് ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ 7.25 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.50 ആകുമ്പോൾ എറണാകുളത്ത് എത്തിയിരുന്നു. ഇത് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദവുമായിരുന്നു. മുമ്പ് വൈകിട്ട് 6നായിരുന്നു ട്രെയിൻ എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് മടങ്ങിയിരുന്നത്. ഇത് 3.40 ആക്കിയതിനാൽ ഉദ്യോഗസ്ഥർക്കും മറ്റ് തൊഴിലാളികൾക്കും പ്രയോജനം ലഭിക്കുന്നില്ല.
എന്നാൽ എല്ലാ ദിവസും കൃത്യ സമയത്ത് ട്രെയിൻ എത്തുന്നുണ്ട്. മെമു ട്രെയിനിന്റെ സ്റ്റോപ്പ് നിറുത്തലാക്കിയത് താത്കാലിക നടപടി മാത്രമാണെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്. പുനരാരംഭിച്ച സർവീസ് വരും ദിവസങ്ങളിൽ പഴയപടിയാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. എറണാകുളത്ത് ജോലിയുള്ളവരിൽ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് മെമുവിനെയാണ്. ആലപ്പുഴ- എറണാകുളം സൂപ്പർഫാസ്റ്റ് നിരക്ക് 80 രൂപയാണ്. കൊവിഡിനു മുമ്പ് മെമുവിൽ മിനിമം ചാർജ് 10 രൂപയായിരുന്നു. നിലവിൽ ഇത് 30 രൂപയാണ്.
.........................
# ടിക്കറ്റ് നിരക്ക്.........₹30 (മിനിമം)
# സീസൺ ടിക്കറ്റ് (മാസം).......₹ 275
.......................
മെമു സർവീസ് പുനരാരംഭിച്ചത് യാത്രക്കാർക്ക് ഏറെ പ്രയോജനമാണ്. മുമ്പുള്ള പല സ്റ്റോപ്പുകളും ഒഴിവാക്കിയത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിന് റെയിൽവേ അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ
(സി.ദിനു, ഫ്രണ്ട്സ് ഓൺ റെയിൽ പാസഞ്ചർ അസോ. എക്സിക്യുട്ടീവ് അംഗം)