
ആലപ്പുഴ : ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് കരാർ നൽകിയതിലെ ഗൂഢാലോചനയും അഴിമതിയും പുറത്ത് കൊണ്ടുവരാൻ ജ്യുഡിഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസിക്ക് എതിരായി സർക്കാർ നടത്തുന്ന ജ്യുഡിഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധവും നിയമസാധുത ഇല്ലാത്തതുമാണ്. കള്ളംമാത്രമാണ് മുഖ്യമന്തി പറയുന്നത്. കായംകുളം കൊച്ചുണ്ണി പുനർജനിച്ചിരുന്നെങ്കിൽ പിണറായി വിജയന്റെ മുന്നിലെത്തി വെറ്റിലയും പാക്കും വച്ച് ശിഷ്യത്വം സ്വീകരിക്കുമായിരുന്നു. ധനികന്റെ സ്വത്ത് മോഷ്ടിച്ച് ഇല്ലാത്തവന് നൽകിയ സോഷ്യലിസ്റ്റായിരുന്നു കൊച്ചുണ്ണി. അഴിമതിയിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വിഹിതം പാർട്ടിക്ക് ലെവിയായി നൽകിയ ശേഷം ബാക്കി സ്വന്തമാക്കുന്ന കമ്മ്യൂണിസ്റ്റാണ് പിണറായി വിജയനെന്നും ഹസൻ പരിഹസിച്ചു.