
കേരളകൗമുദിക്ക് നന്ദി അറിയിച്ച് സാമൂഹ്യ പ്രവർത്തകർ
ആലപ്പുഴ: വോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക സൗകര്യങ്ങൾ, തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കൊവിഡിന്റെ പേരിൽ നിഷേധിക്കപ്പെട്ട ഭിന്നശേഷിക്കാർക്ക് ആശ്വാസവാർത്ത. നിയമസഭ തിരഞ്ഞെടുപ്പ് ദിവസം ഉദ്യോഗസ്ഥർ വാഹനവുമായി വീടുകളിലെത്തി ഭിന്നശേഷിക്കാരെ ബൂത്തുകളിലെത്തിക്കാനും തിരികെ വീട്ടിലെത്തിക്കാനുമുള്ള പ്രത്യേക ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ പുറപ്പെടുവിച്ചു.
രജിസ്റ്റർ ചെയ്ത 80 വയസ് പിന്നിട്ട വോട്ടർമാരെ വീടുകളിലെത്തി വോട്ട് ചെയ്യിക്കുന്നതിന് പുറമേയാണ് പുതിയ ഉത്തരവ്. 2019 ഏപ്രിലിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കും നടക്കാൻ പ്രയാസമുള്ള വയോധികർക്കും പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. എന്നാൽ നവംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ സൗകര്യം ഇല്ലാതിരുന്നതിനാൽ പലരും കൈയിൽ നിന്ന് പണം മുടക്കിയാണ് വാഹനങ്ങളിൽ ബൂത്തുകളിലെത്തിയത്. വിവിധ പാർട്ടിക്കാർ വോട്ട് ചെയ്യാൻ കൊണ്ടുപോകുമെങ്കിലും തിരികെ വീട്ടിൽ എത്തിക്കുന്നതിൽ അലംഭാവം കാണിക്കുമെന്നതിനാൽ ബൂത്തുകളിൽ പോകാതിരുന്നവരുമുണ്ട്.
ഏപ്രിൽ ആറിന് ഭിന്നശേഷിക്കാരെ ബൂത്തുകളിൽ എത്തിക്കാൻ പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒരു പഞ്ചായത്തിന് മൂന്ന് മുതൽ അഞ്ച് വരെ വാഹനങ്ങൾ സജ്ജമാക്കും. ഭിന്നശേഷിക്കാർക്കു വേണ്ടി 261 ഓട്ടോറിക്ഷകൾ, ബോട്ടുകൾ, പാലിയേറ്റിവ് വാഹനങ്ങൾ എന്നിവയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നത്. 3644 പേർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സമ്മതിദാനവകാശം വിനിയോഗിച്ചു. ഭിന്നശേഷി വോട്ടർമാരുള്ള എല്ലാ സ്ഥലങ്ങളിലും അങ്കണവാടി വർക്കർമാർ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റാഫ് നഴ്സ് എന്നിവരെ മുഴുവൻ സമയ സന്നദ്ധ പ്രവർത്തകരായി നിയോഗിച്ചിരുന്നു.
സൗകര്യങ്ങൾ
വാഹനത്തിൽ അങ്കണവാടി വർക്കറുടെയും ഒരു പാലിയേറ്റിവ് പ്രവർത്തകന്റെയും സാന്നിദ്ധ്യം
വാഹന ചെലവടക്കം മറ്റ് ബുദ്ധിമുട്ടുകളൊന്നും വോട്ടർ അറിയേണ്ടതില്ല
മുൻകൂട്ടി അറിയിക്കുന്ന സമയത്ത് വീട്ടിൽ വാഹനമെത്തും
വോട്ട് രേഖപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തിക്കും
റാമ്പ് അനിവാര്യം
ബൂത്തിന് വെളിയിലെത്തുന്ന ഭിന്നശേഷി വോട്ടറെ പലപ്പോഴും എടുത്താണ് അകത്ത് പ്രവേശിപ്പിക്കുന്നത്. ഭാവിയിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് താത്കാലികമായെങ്കിലും റാമ്പ് സംവിധാനം വേണമെന്ന് ഭിന്നശേഷിക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.
പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനാൽ വോട്ടവകാശം വിനിയോഗിക്കാൻ ഭൂരിഭാഗം ഭിന്നശേഷിക്കാരും മടി കൂടാതെ എത്തും. പണച്ചെലവുള്ള കാര്യമാണെങ്കിലും ഭാവിയിൽ ഇവർക്കായി ബൂത്തുകളിൽ റാമ്പ് സൗകര്യം ഒരുക്കണം
അങ്കണവാടി വർക്കർ
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം ലഭിക്കാതിരുന്ന ഭിന്നശേഷിക്കാരുടെ പ്രയാസങ്ങൾ കേരളകൗമുദിയാണ് ചൂണ്ടിക്കാട്ടിയത്. വാർത്തയുടെ അടിസ്ഥാനത്തിൽ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായതിൽ സന്തോഷമുണ്ട്
പി.എസ്.ശ്യാംകുമാർ ചെറുകര, സാമൂഹ്യ പ്രവർത്തകൻ