എ- എസ് കനാലിലെ പോളവാരൽ അന്തമില്ലാതെ നീളുന്നു
ആലപ്പുഴ: ആലപ്പുഴ- ചേർത്തല കനാലിന്റെ നവീകരണജോലികൾ പുരോഗമിക്കവേ, ആദ്യം നവീകരിച്ച ഭാഗങ്ങളിൽ പോളയും പായലും നിറയുന്നു. പണം അനുവദിച്ചിട്ടും ആധുനിക പോളവാരൽ യന്ത്രമായ വീഡ് ഹർവെസ്റ്റർ വാങ്ങാൻ വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നവീകരിച്ച കനാലുകളിൽ നിറയുന്ന പോളയും പായലും ശാശ്വതമായി നീക്കുന്നതിനു വേണ്ടി പോളവാരൽ യന്ത്രത്തിനും കനാലുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾക്കുമായി രണ്ട് കോടിയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചെങ്കിലും തുടർ പ്രവർത്തനങ്ങൾ ഇഴയുകയാണ്. 60 ലക്ഷമാണ് യന്ത്രത്തിന്റെ വില. നവീകരണ മേൽനോട്ട ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ്. 28 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിലെ 11 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മട്ടാഞ്ചേരി പാലം മുതൽ കലവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഒൻപത് പാലങ്ങൾ പുതുതായി നിർമ്മിച്ച് കനാലിലെ പോള നീക്കി ഇരുഭാഗവും സംരക്ഷണ ഭിത്തികെട്ടുന്നതാണ് പദ്ധതി. മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടി പാലത്തിന് വടക്കുഭാഗം വരെയുള്ള ഏഴ് കിലോമീറ്റർ നീളത്തിൽ പോള നീക്കിയതായിരുന്നെങ്കിലും ഇവിടെ വീണ്ടും പായലും വള്ളിപ്പടർപ്പുകളും വ്യാപിക്കുകയാണ്.
എ-എസ് കനാലിൽ കലവൂർ- അമ്പനാകുളങ്ങര വരെയുള്ള ചെളി നീക്കം ചെയ്യൽ പൂർത്തീകരിച്ചു. ഈ ഭാഗത്തെ കനാലിൽ പോളയും പായലും വള്ളിപ്പടർപ്പും നിറഞ്ഞത് ചെളി നീക്കാൻ തടസമാകുന്നുണ്ട്. കൊവിഡും മഴയുമാണ് മറ്റ് പ്രതിബന്ധങ്ങൾ.
9 പാലങ്ങൾ
മട്ടാഞ്ചേരി പാലം മുതൽ കലവൂർ ജംഗ്ഷൻ വരെയുള്ള 9 പാലങ്ങളിൽ ആറെണ്ണത്തിന്റെ നിർമ്മാണം ആരംഭിച്ചു. വെള്ളപ്പാട്, പൂങ്കാവ്, മറ്റത്തിൽ, അമ്പനാകുളങ്ങര, വലിയകലവൂർ, റൂറൽ പാലങ്ങളുടെ നിർമ്മാണമാണ് ആരംഭിച്ചത്. ആര്യാട് ബ്‌ളോക്ക്, ദേവി വയർ, ബർണാഡ് ഭാഗങ്ങളിലാണ് മറ്റു മൂന്നു പാലങ്ങൾ. 46 കോടിയാണ് കനാൽ നവീകരണ പദ്ധതിക്കായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. കലവൂർ അമ്പനാകുളങ്ങര വരെയുള്ള ഭാഗത്തെ ചെളിനീക്കൽ ജോലികൾ പൂർത്തീകരിച്ചു. കനാലിന്റെ ഇരുകരകളും കെട്ടി ബലപ്പെടുത്തുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്.
...................................
കനാലിന്റെ നവീകരിച്ച ഭാഗത്ത് പോളയും മറ്റും നിറയുന്നത് ഒഴിവാക്കാൻ കടലിൽ നിന്ന് മുറിഞ്ഞപൊഴി വഴി ഉപ്പുവെള്ളം കയറ്റാൻ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊളവാരൽ യന്ത്രം വാങ്ങാൻ തീരുമാനിച്ചത്
അധികൃതർ, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ
................................
46 കോടി: എ-എസ് കനാൽ നവീകരണത്തിന്റെ ചെലവ്
6.29 കോടി: പാലങ്ങൾക്കും അപ്രോച്ച് റോഡിനും
2 കോടി: പോളവാരൽ യന്ത്രത്തിനും നിരീക്ഷണ കാമറകൾക്കും