ആലപ്പുഴ: വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി പൂങ്കാവ് പള്ളിയിൽ ഏപ്രിൽ ഒന്നിന് നടക്കുന്ന ദീപക്കാഴ്ച ചടങ്ങ് നിയന്ത്രണങ്ങളോടെ നടത്താൻ ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി. പെസഹ വ്യാഴാഴ്ച വൈകിട്ട് 7 മുതൽ രാത്രി 9 മണി വരെ പരമാവധി 100 പേർ മാത്രമേ ദീപം തെളിയിക്കുന്നതിനായി മൈതാനത്ത് എത്താൻ പാടുള്ളൂ. ദീപം തെളിയിച്ച ഉടൻ തന്നെ വിശ്വാസികൾ മൈതാനം വിട്ടു പോകണം. ചടങ്ങു നടക്കുന്ന മൈതാനത്ത് ബാരിക്കേഡ് കെട്ടി തിരക്ക് ക്രമീകരിക്കണം.
നഗരി കാണിക്കൽ ചടങ്ങ് ഏപ്രിൽ രണ്ടിന് രാവിലെ നടക്കുമ്പോൾ പള്ളി കോമ്പൗണ്ടിൽ ഒരേസമയം പരമാവധി 200 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. തിരുസ്വരൂപത്തിൽ തൊടാൻ വിശ്വാസികളെ അനുവദിക്കില്ല. താൽക്കാലിക കച്ചവടങ്ങൾ, വഴിയോര കച്ചവട ങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. പ്രദക്ഷിണം, ഘോഷയാത്ര എന്നിവ പൂർണ്ണമായും ഒഴിവാക്കണം. ആവശ്യമായ സാനിറ്റൈസർ വിശ്വാസികൾക്ക് ലഭ്യമാക്കണം. കൊവിഡ് 19 പ്രതിരോധ കുത്തിവെപ്പിന് നിലവിൽ വിവിധ കുത്തിവെപ്പ് കേന്ദ്രങ്ങൾ ജില്ലയിൽ ആരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ വിശ്വാസികളിൽ 60 വയസിനും മുകളിലുള്ളവർ മേൽപ്പടി കേന്ദ്രങ്ങളിൽ എത്തി പരമാവധി കുത്തിവെപ്പ് എടുക്കുന്നതിന് പള്ളി അധികാരികൾ മുൻകൈയെടുക്കണം. പൂങ്കാവ് പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ കോവിഡ് മാനദണ്ഡം ഉറപ്പുവരുത്താൻ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ, ,മെഡിക്കൽ ഓഫീസർ, വില്ലേജ് ഓഫീസർ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.