
ആലപ്പുഴ: ചട്ടങ്ങൾ ലംഘിച്ച് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച പോസ്റ്ററുകൾ, ബാനറുകൾ, കൊടികൾ എന്നിവ നീക്കം ചെയ്തതിന്റെ ചെലവ് വിവരങ്ങൾ വിശദീകരിക്കുന്ന നോട്ടീസ് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് വരണാധികാരികൾ നൽകിത്തുടങ്ങി. ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥികളായ ഡോ.കെ.എസ്. മനോജിന് 18,410 രൂപ, സന്ദീപ് വാചസ്പതിക്ക് 17,270 രൂപ, പി.പി. ചിത്തരഞ്ജന് 19,210 രൂപ എന്നിങ്ങനെയാണ് പിഴത്തുക നിശ്ചയിച്ചിരിക്കുന്നത്. ഇവർക്ക് നോട്ടീസ് നൽകിയതായി സബ് കളക്ടർ എസ്. ഇലക്യ പറഞ്ഞു.
ചെലവായ തുക സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തും. അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കും നോട്ടീസ് നൽകി. ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച 47,564 പ്രചാരണ സാമഗ്രികൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്‌ക്വാഡുകൾ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, കൊടി തോരണങ്ങൾ ഉൾപ്പെടെയാണ് നീക്കം ചെയ്തത്. ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് വിവിധ സ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്ത പ്രചാരണ സാമഗ്രികളുടെ എണ്ണം അനുസരിച്ചാണ് ചെലവായ തുക ഈടാക്കുന്നത്. ബാനറുകളും പോസ്റ്ററുകളും തയ്യാറാക്കിയതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽപ്പെടുത്തുന്നതിനു പുറമേയാണ് ഇവ നീക്കം ചെയ്യാനുള്ള തുകയും ഉൾപ്പെടുത്തുന്നത്.
നീക്കം ചെയ്ത പ്രചാരണ വസ്തുക്കളുടെ എണ്ണം
അരൂർ ...................6507
ചേർത്തല ....... .....5786
ആലപ്പുഴ................14072
അമ്പലപ്പുഴ ........ ..6320
കുട്ടനാട് .............. .2099
ഹരിപ്പാട്................3020
കായംകുളം........ ..3053
മാവേലിക്കര ........ 3642
ചെങ്ങന്നൂർ......... 3065
ഈടാക്കുന്ന തുക
ബോർഡുകൾ......................₹ 30 (ഒന്നിന്)
തോരണങ്ങൾ.....................₹3 (മീറ്ററിന്)
പോസ്റ്ററുകൾ........................₹ 10 (ഒന്നിന്)
ചുവരെഴുത്ത്..................₹ 8 (ചതുരശ്രയടിക്ക്)