മാവേലിക്കര- നിയോജക മണ്ഡലത്തിൽ സ്പെഷൽ, സർവീസ് വോട്ടുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാപക ക്രമക്കേട് നടത്തുന്നതായി കോൺഗ്രസ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. 3400 സ്പെ‌ഷൽ വോട്ടുകളാണു മണ്ഡലത്തിലുള്ളത്. യു.ഡി.എഫ് ചീഫ് ഇലക്‌ഷൻ ഏജന്റിനെ പോലും കൃത്യമായി വിവരങ്ങൾ അറിയിക്കുന്നില്ല. വോട്ട് ചെയ്തു വാങ്ങി സഞ്ചിയിൽ ഇട്ടാണ് കൊണ്ടുപോകുന്നത്. സീൽ ചെയ്ത ബാലറ്റ് പെട്ടി ഉണ്ടാകണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങൾ പോലും പാലിക്കുന്നില്ല. സ്പെഷ്യൽ വോട്ട് ചെയ്യിക്കുന്നതിനായി ഒപ്പം ചെല്ലുന്ന വിഡിയോഗ്രാഫർക്കായുള്ള കരാർ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ഏറ്റവും അടുത്ത ബന്ധുവിനാണ് നൽകിയിരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.