forensic

കുറ്റാന്വേഷണവും തെളിവുകളും ചങ്ങലക്കണ്ണികളാണ്. ചങ്ങല പോലെ കോർത്തിണക്കുന്ന തെളിവുകൾ കോടതികൾക്ക് ബോദ്ധ്യപ്പെടുമ്പോഴാണ് ഒരു പ്രതി ശിക്ഷിക്കപ്പെടുക. ഒട്ടേറെ കടമ്പകൾ അതിന് പിന്നിലുണ്ട്. കുറ്റാന്വേഷണം പഠിക്കേണ്ടതുണ്ടോ?. കാലം മാറിയതോടെ കേസുകൾ തെളിയിക്കാൻ ശാസ്‌ത്രത്തെയും ഒപ്പം ചേർക്കേണ്ടി വന്നു. തെളിയില്ലെന്ന് കരുതിയ കേസുകളിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെട്ടു. എന്നാൽ, പ്രൊഫഷണൽ സ്വഭാവമില്ലാത്തതിനാൽ ചങ്ങലക്കണ്ണികളിൽ നിന്ന് പ്രതികൾ രക്ഷപ്പെടുകയും ചെയ്‌തു. അതിനെ തരണം ചെയ്യാനുള്ള പുതുവഴികൾ പ്രതീക്ഷാനിർഭരമാണ്.

രാജ്യത്തെ ഫോറൻസിക് സയൻസ് മേഖലയുടെ നിലവാരം ഉയർത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ കുറ്റാന്വേഷണരംഗത്ത് വിപ്ളവകരമായ മാറ്റത്തിന് തുടക്കമാകും. കുറ്റാന്വേഷണത്തിനും കുറ്റകൃത്യങ്ങൾ തെളിയിക്കാനും ഫോറൻസിക് സയൻസിന്റെ സഹായം കൂടിയേ തീരു. വെടിയുണ്ട, ബോംബ് എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളെക്കുറിച്ച് പഠിക്കാൻ ബാലിസ്‌റ്റിക്സ്, രക്തപരിശോധനയ്‌ക്ക് സിറോളജി എന്നിങ്ങനെയുള്ള ശാഖകളുമുണ്ട്. മുടി, ശരീരഭാഗങ്ങൾ, മാരാകായുധങ്ങൾ എന്നിവ ലബോറട്ടറികൾ വിശകലനം ചെയ്‌ത് പ്രതികളിലേക്ക് എത്താം. രാസപരിശോധന, വിരലടയാളം എന്നിവ ശേഖരിക്കാനുള്ള വിദഗ്ദ്ധരുടെ സേവനത്തിനും പ്രാധാന്യമുണ്ട്. ഫോറൻസിക് സയൻസിന്റേത് ഒരൊറ്റ ജോലിയല്ല. അതിന് പലവിധത്തിലുള്ള ശാഖകളുണ്ട്. ഇതെല്ലാം കേന്ദ്രീകൃതമാകുമ്പോഴാണ് കുറ്റാന്വേഷണത്തിന് വേഗവും കൃത്യതയും ഉണ്ടാവുക.

രാജ്യത്തെ പൊലീസ്, ക്രിമിനോളജി, ഫോറൻസിക് സയൻസ് മേഖലയുടെ ഉന്നമനത്തിനായി വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നിവ നൽകുന്നതിനായി ദേശീയ ഫോറൻസിക് സയൻസ് സർവകലാശാലയും (എൻ.എഫ്.എസ്.യു) രാഷ്ട്രീയ രക്ഷാസർവകലാശാലയും കഴിഞ്ഞ ഒക്‌ടോബറിൽ പ്രവർത്തനം തുടങ്ങിയിരുന്നു. ഫോറൻസിക് സയൻസ് യോഗ്യതയുള്ളവർക്ക് പൊലീസ്, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിൽ നിയമനത്തിനായി സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഇതൊരു സുപ്രധാന മാറ്റത്തിന്റെ സൂചനയാണ്. കൂടാതെ സംസ്ഥാനങ്ങൾ നടത്തുന്ന ഫോറൻസിക് സയൻസ് കോഴ്‌സുകളുടെ നിലവാരം ഉയർത്തി ദേശീയ ഫോറൻസിക് സയൻസ് സർവകലാശാലയുടേതിന് തുല്യമാക്കാൻ പാഠ്യപദ്ധതികൾ ഏകീകരിക്കും. ഫോറൻസിക് സയൻസ് കോഴ്‌സുകൾ ദേശീയ ഫോറൻസിക് സയൻസ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യാനും സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു കഴിഞ്ഞു.. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ഫോറൻസിക് സയൻസ് കോഴ്‌സുകൾ സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയോട് അനുബന്ധിച്ചോ, ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ സഹായത്തോടെയോ ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഫോറൻസിക് സയൻസിന്റെ പ്രാധാന്യം ഉൾക്കൊണ്ട് 2019ൽ സംസ്ഥാന സർക്കാർ കേരളത്തിലെ ആദ്യത്തെ ഫോറൻസിക് സയൻസ് കോഴ്‌സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ കേരള പൊലീസ് അക്കാഡമിയിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ കൊച്ചി സർവ്വകലാശാലയ്‌ക്ക് ( കുസാറ്റ്) കീഴിലും വിവിധ എയ്ഡഡ് കോളേജുകളിലും ഫോറൻസിക് സയൻസ് കോഴ്‌സുകൾ 2020 അദ്ധ്യയനവർഷം മുതൽ ആരംഭിച്ചു. ഫോറൻസിക്കുമായി ബന്ധപ്പെട്ട വിവിധ ഗവേഷണ പഠനങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, ഡി.എൻ.എ ഡേറ്റാ ബാങ്ക് തയ്യാറാക്കുക, പാഠ്യപദ്ധതി പരിഷ്‌‌കരണം, ഏകീകരണം എന്നിവയ്‌ക്ക് ദേശീയ ഫോറൻസിക് സർവകലാശാലയെ കേന്ദ്ര സർക്കാർ നോഡൽ ഏജൻസിയായി നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കേരളത്തിലെ ഫോറൻസിക് സയൻസ് മേഖലയിലെ പരിഷ്‌കാരങ്ങൾക്ക് പുത്തൻ ഉണർവേകുമെന്ന് ഉറപ്പാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 1956 മുതൽ ഫോറൻസിക് സയൻസ് കോഴ്സുകൾ ആരംഭിച്ചിരുന്നെങ്കിലും തെക്കേ ഇന്ത്യയിൽ വളരെ വൈകി. എന്നാൽ ഏകീകൃത പാഠ്യപദ്ധതിയില്ലാതിരുന്നതിനാൽ പ്രതീക്ഷിച്ച ഗണുങ്ങളൊന്നുമുണ്ടായില്ല. കുറ്റാന്വേഷണത്തോട് പ്രൊഫഷണൽ സമീപനമുണ്ടായിരുന്നില്ല. തെളിവുകൾ വീണ്ടെടുക്കാനോ അന്വേഷണങ്ങൾക്ക് കൃത്യത ഉറപ്പാക്കാനോ കഴിഞ്ഞില്ല. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് കുറ്റാന്വേഷണ പഠനം കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടുന്നുണ്ട്. ഫോറൻസിക് സയൻസ് ബിരുദധാരികൾ പൊലീസിൽ എത്തുന്നതോടെ അതിന് മാറ്റമുണ്ടാകുമെന്ന് ഉറപ്പ്. കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾക്കുമാണ് വഴിയൊരുങ്ങുന്നത്.

കേരളത്തിനുപുറത്ത് മിക്ക സർവകലാശാലകളിലും ഫോറൻസിക് സയൻസ് ബിരുദ - ബിരുദാനന്തര കോഴ്‌സുകളുണ്ട്. ഗുജറാത്തിലെ പൊലീസ് സർവകലാശാലയിൽ പ്രധാന കോഴ്‌സാണിത്. കേരളത്തിൽ നിലവിൽ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി തുടങ്ങിയവയിൽ ബിരുദാനന്തര ബിരുദമുള്ളവരെ ഫോറൻസിക് സയൻസ് ലാബിൽ നിയമിക്കുന്നുണ്ട്. നിയമനത്തിന് ശേഷം ഫോറൻസിക് സയൻസിൽ പരിശീലനം നൽകുന്നതാണ് രീതി. ഫോറൻസിക് സയൻസിൽ കമ്പ്യൂട്ടർ വിഭാഗമുണ്ടെങ്കിലും വിദഗ്ധപരിശോധനയ്ക്ക് കൂടുതലും അയയ്‌ക്കുന്നത് സി -ഡാക്കിലേക്കാണ്. ഇതിന് വലിയ തുക ഫീസായി പൊലീസ് നൽകുന്നു. സൈബർ ഫോറൻസിക് ബിരുദക്കാരെ നിയമിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

വലിയ മാറ്റത്തിന്റെ തുടക്കത്തിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തം. അതിനൊപ്പമാണ് കേരളത്തിന്റെ യാത്രകളും. വരാനിരിക്കുന്ന കാലത്ത് കേസുകൾ തെളിയിക്കുക എളുപ്പമുള്ള കാര്യമല്ല. സാങ്കേതികവിദ്യയുടെ വളർച്ച പ്രതീക്ഷിക്കാത്ത കുറ്റകൃത്യങ്ങളിലേക്കുള്ള വഴികളും തുറക്കുന്നു. അവിടെ സുരക്ഷിതമായി കഴിയുന്ന പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ ശാസ്‌ത്രീയമായി കുറ്റാന്വേഷണവും പഠിപ്പിക്കപ്പെടണം. അവരായിരിക്കണം കേരള പൊലീസിലെ കുറ്റാന്വേഷകർ. അതിലേക്കുള്ള വഴികൾ തുറന്ന സാഹചര്യത്തിൽ കൂടുതൽ പേർ പഠനത്തിനും പൊലീസ് സേനയിലും എത്തപ്പെടണം.