ആലപ്പുഴ: 80 വയസിന് മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ ജില്ലയിൽ വ്യാപക കൃത്രിമം നടത്തുന്നതായി ഡി.സി.സി പ്രസഡന്റിന്റെ ചുമതല വഹിക്കുന്ന എ.എ.ഷുക്കൂർ ആരോപിച്ചു. ഇലക്ഷൻ കമ്മിഷന്റെ മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. വോട്ടറുടെ അവകാശത്തെപ്പോലും ഹനിക്കുന്ന രീതിയിലാണ് പല ബൂത്തുകളിലും വോട്ട് ചെയ്യിച്ചിട്ടുള്ളത്. വോട്ട് ചെയ്ത സ്ലിപ്പ് ഇട്ടതിന് ശേഷം കവർ ഒട്ടിച്ച് കൊണ്ടു പോകുന്നതിന് പകരം കൈയിൽ വാങ്ങി ഒട്ടിക്കാതെ കൊണ്ടുപോകുന്നതായും പരാതിയുണ്ട്. സർക്കാർ അനുകൂല സംഘടനയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയാണ് നിരവധി പരാതി വന്നിട്ടുള്ളതെന്ന് ഷുക്കൂർ പറഞ്ഞു.