ചേർത്തല: രാത്രിയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴയും ചെറിയ തണുപ്പുമാണ് ചേർത്തലക്കാരെ ഇപ്പോൾ ഉറക്കത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മരം വീണ് തകർന്ന വൈദ്യുതി പോസ്റ്റുകളും പൊട്ടിപ്പൊളിഞ്ഞ കമ്പികളും അതേപോലെ കിടക്കുകയാണ് പലേടത്തും. കുഞ്ഞുങ്ങളുള്ള വീടുകളിലാണ് ബുദ്ധിമുട്ടേറെയും.

വ്യാഴാഴ്ച വൈകിട്ട് 5.30ന് നിലച്ച വൈദ്യുതി വിതരണം ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് പുന:സ്ഥാപിച്ചത്. ഒരു മണിക്കൂറിന് ശേഷം വീണ്ടും തകരാറിലായി. മണിക്കൂറുകൾക്ക് ശേഷം പുന:സ്ഥാപിച്ചു. ഇന്നലെ വൈകിട്ട് 5.30 ഓടെ പോയ വൈദ്യുതി പലേടത്തും രാത്രി വൈകിയാണ് പുന:സ്ഥാപിച്ചത്. കാറ്റടിച്ചാൽപ്പോലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർക്ക് കഴിയാത്തത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. തുടർച്ചയായ വൈദ്യുതി തടസം കുടിവെള്ള വിതരണം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ ബാധിക്കുന്നുണ്ട്. പരീക്ഷക്കാലമായതിനാൽ വിദ്യാർത്ഥികളാണ് ദുരിതം അനുഭവിക്കുന്നതിലേറെയും. മൊബൈൽ ഫോൺ ഉൾപ്പെടെ ചാർജ് ചെയ്യാൻ കഴിയാത്തതും ദുരിതത്തിന്റെ ആഴം കൂട്ടുന്നു.