മാവേലിക്കര: ഡി.സി.സി അംഗം രാധാകൃഷ്ണക്കുറുപ്പ് ഉൾപ്പെടെ തെക്കേക്കരയിലെ കോൺഗ്രസ് നേതാക്കളിൽ ചിലർ രാജിവച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെത്തി.
മണ്ഡലം മുൻ പ്രസിഡന്റും ഡി.സി.സി അംഗവുമായ പി.രാജു, മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും ഡി.സി.സി അംഗവുമായ എസ്.അയ്യപ്പൻ പിള്ള, ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് അജിത് തെക്കേക്കര, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പഞ്ചായത്ത് മുൻ അംഗവുമായ വി.ഹരികുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, പി.എസ്. ജോർജ്, സുജ രാജു എന്നിവരാണ് രാധാകൃഷ്ണക്കുറുപ്പിനൊപ്പം പാർട്ടി വിട്ടത്. ഇവർക്ക് അംഗത്വം നൽകിയതായി മാണി ഗ്രൂപ്പ് നേതാവ് അഡ്വ.അശോക് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോൺഗ്രസിന്റെ വർഗ്ഗീയ പ്രീണന, വികസന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ ഇടുമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഇവർ അറിയിച്ചു. തെക്കേക്കര പഞ്ചായത്തിലെ 6 വാർഡ് പ്രസിഡന്റുമാരും 8 ബൂത്ത് പ്രസിഡന്റുമാരും 250 ഓളം പ്രവർത്തകരും തങ്ങളോടൊപ്പം ഉണ്ടെന്നും നേതാക്കൾ അവകാശപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ തെക്കേക്കരയിലെ കോൺഗ്രസിൽ തർക്കം ഉടലെടുത്തിരുന്നു. മണ്ഡലം പ്രസിഡന്റുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നേതൃത്വത്തിന് കത്ത് നൽകിയെങ്കിലും ബ്ലോക്ക്, ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചില്ല. തുടർന്നാണ് ജോസ് കെ.മാണിയുമായി കൂടിക്കാഴ്ച നടത്തി കേരള കോൺഗ്രസിലേക്ക് എത്തിയത്.