
ആലപ്പുഴ: തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജോലികളും തിരഞ്ഞെടുപ്പ് ദിവസം ചെയ്യേണ്ട ജോലിയുടെ പരിശീലനവും ഒരേദിവസം വരുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ജീവനക്കാർ ആശങ്കയിൽ. പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ഉയർന്ന ഉദ്യോഗസ്ഥർ താക്കീതു നൽകുന്നതായി വനിത ഉദ്യോഗസ്ഥരടക്കം പരാതിപ്പെടുന്നു.
വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ നിയമനം ലഭിച്ച കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യാത്തപക്ഷം അറസ്റ്റ് ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കളക്ടർ അറിയിച്ചിരുന്നു. കൂടാതെ ഫോൺ മുഖാന്തരം ചില ഉദ്യോഗസ്ഥർ ഭീഷണി സ്വരത്തിൽ സംസാരിക്കുന്നതായി ജീവനക്കാർ പരാതി പറയുന്നു. മെഷീൻ കമ്മിഷനിംഗും വയോധികരെ വീടുകളിലെത്തി വോട്ട് ചെയ്യിക്കുന്നതുമടക്കമുള്ള ജോലികൾ ചെയ്യുന്ന പല ജീവനക്കാർക്കും ഇതിനിടെ പരിശീലനം വന്നത് മൂലം സമയത്ത് ഹാജരാകാൻ സാധിച്ചിരുന്നില്ല. പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വീണ്ടും അറിയിപ്പ് ലഭിച്ചതോടെയാണ് പലരും ഇന്നലെ ട്രെയിനിംഗിന് ഹാജരായത്.
ഓഫീസിലെ മറ്റ് ജോലികൾ മാറ്റിവെച്ചാണ് തിരഞ്ഞെടുപ്പ് സംബന്ധമായ ജോലികൾ ചെയ്യുന്നത്. ഇതു പൂർത്തീകരിക്കണമെന്ന ആർ.ഒമാരുടെ നിർദ്ദേശവും പരിശീലനത്തിന് എത്താൻ കളക്ടറേറ്റിൽ നിന്നുള്ള അറിയിപ്പും ഒരേ സമയം ലഭിക്കാറുണ്ട്. എവിടെ പോകണമെന്നറിയാതെ വിഷമിക്കുകയാണ് ജീവനക്കാർ. റവന്യു വിഭാഗത്തിൽ നിന്നടക്കം ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടില്ലെന്നും, ജീവനക്കാർ കുറവുള്ള വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് ജോലി നൽകുന്നതെന്നും ആക്ഷേപമുണ്ട്.
 ബൂത്തെണ്ണം കൂടി
ബൂത്തുകളുടെ എണ്ണം കൂടിയതും ജീവനക്കാരുടെ എണ്ണം കുറഞ്ഞതും മൂലമാണ് ഇരട്ട ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാത്തതെന്നാണ് ആർ.ഒമാർക്ക് കീഴിലുള്ള ജീവനക്കാർക്ക് ലഭിച്ച മറുപടി. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജോലികൾക്ക് പുറമേയാണ് പോളിംഗ്, കൗണ്ടിംഗ് ജോലികൾ ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. റിസർവിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാമെങ്കിലും അധികൃതർ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്.