
തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രിയങ്കയുടെ ഹെലികോപ്ടർ പറന്നിറങ്ങിയപ്പോൾ കായംകുളം സാക്ഷിയായത് ജനോത്സവത്തിന്. രാജകീയ പ്രൗഢിയിൽ നിറചിരിയുമായി കൈവീശി ഹെലി പാഡിൽ നിന്ന് അവർ നടന്നടുത്തതോടെ കാത്തിരുന്നവരുടെ അണപൊട്ടി. ഇന്ദിരാഗാന്ധിയുടെ രൂപം, ഭാവം. കഴിഞ്ഞ ദിവസം സഹോദരൻ രാഹുൽ വിതറിയ ആവേശപ്പൂക്കൾക്കു മീതേ പ്രവർത്തകരുടെ സ്നേഹാദരങ്ങളേറ്റുവാങ്ങി പ്രിയങ്കയുടെ യാത്ര. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാബാബുവിനെ ചേർത്തുപിടിച്ചുള്ള പ്രിയങ്കയുടെ റോഡ് ഷോ തീരദേശത്ത് കടലിരമ്പമായി. കായംകുളം ചേപ്പാട് മുതൽ ഓച്ചിറവരെയുള്ള ദേശീയപാതയിൽ സ്‌ത്രീകളുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഇന്ദിരയുടെ ചെറുമകളെ കാണാൻ തടിച്ചു കൂടിയത്.
 രാവിലെ 11.00
ചേപ്പാട് എൻ.ടി.പി.സി ഗസ്റ്റ് ഹൗസിൽ പ്രിയങ്കയെ കാത്തുകിടക്കുകയാണ് കെ.എൽ-01 സി.ആർ- 6003 നമ്പറുള്ള കറുത്ത കിയാകാർണിവൽ കാർ. സാരഥിയായി കെ.പി.സി.സി ഓഫീസിലെ ഡ്രൈവർ സന്തോഷും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെ.പി.സി.സി ജനറൽസെക്രട്ടറി എ.എ. ഷുക്കൂർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ഷാളുമായി കാത്തു നിൽക്കുന്നു. അരിത പ്രവർത്തകരോട് കുശലാന്വേഷണവുമായി ഓടി നടക്കുന്നു. സുരക്ഷാഭടന്മാരുടെ നിർദ്ദേശം കിട്ടയതോടെ സന്തോഷ് കാറിലെ എ.സി ഓണാക്കി.
 സമയം 11.48
എൻ.ടി.പി.സിയുടെ ഉദ്യാനത്തിന് മുകളിൽ ഹെലികോപ്‌ടറിന്റെ ശബ്‌ദം. ലാൻഡ് ചെയ്‌ത് നിമിഷങ്ങൾക്കിടെ പൈലറ്റ് ഡോർ തുറന്ന് ചവിട്ടുപടി സ്ഥാപിച്ചതോടെ, പൂക്കളോടുകൂടിയ മഞ്ഞയിൽ പൊതിഞ്ഞ ചുരിദാറണിഞ്ഞ പ്രിയങ്കാഗാന്ധി പുറത്തേക്ക്. എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറും കെ.പി.സി.സി സെക്രട്ടറി ജ്യോതി വിജയകുമാറും ഒപ്പം. അടുത്തെത്തിയ അരിതയെ പ്രിയങ്ക കെട്ടിപ്പിടിച്ചു. കണിക്കൊന്നപ്പൂവ് നൽകിയായിരുന്നു സ്വീകരണം. അരിതയെ ചേർത്തുപിടിച്ച് നടന്നു. നേതാക്കൾ പൂക്കളും ഷാളുമണിയിച്ച് പ്രിയങ്കയെ സ്വീകരിച്ചു. സെൽഫിയെടുക്കാൻ തിരക്ക് കൂട്ടിയവർക്ക് മുന്നിൽ ചിരിച്ചുനിന്നു.
 സമയം 11.58
എൻ.ടി.പി.സി ഗസ്റ്റ്ഹൗസിൽ നിന്ന് വാഹന്യൂഹം പുറത്തേക്ക്. ഗേറ്റിന് നിനിൽ കൂട്ടമായി നിന്ന ജീവനക്കാരുടെ അടുത്തെത്തിയപ്പോൾ വാഹനം നിറുത്തി ചാടിയിറങ്ങി. പിന്നെ പരിചയപ്പെടൽ. സെൽഫിക്കായി അവരോട് ചേർന്നുനിന്നു. സുരക്ഷാഗേറ്റിന് പുറത്തേക്ക് വാഹനം കടക്കുമ്പോൾ മൂവർണക്കൊടികളുമേന്തി പ്രവർത്തകരുടെ വൻപട. വാഹനവ്യൂഹത്തിനിടയിലൂടെ പ്രിയങ്കയുടെ കാർ ദേശീയപാതയിലേക്ക് കടക്കാൻ സമയമെടുത്തു. എല്ലാവരെയും കൈവീശിക്കാട്ടി ചിരിച്ച് മുൻസീറ്റിൽ പ്രിയങ്ക. വഴിനീളെ ഇരുവശങ്ങളിലും ജനസഞ്ചയം. വഴിനീളെ സ്‌ത്രീകൾ തടിച്ചുകൂടി നിൽക്കുന്നതിൽ ആവേശഭരിതയായ പ്രിയങ്ക കരീലക്കുളങ്ങരയിലെത്തിയപ്പോൾ വാഹനം നിറുത്തി പുറത്തിറങ്ങി. പിന്നീട് പിൻസീറ്റിൽ കയറി നിന്ന് സൺ റൂഫ് തുറന്നായിരുന്നു പര്യടനം. ഒപ്പം അരിതയും. അരളി പൂക്കൾ വാഹനത്തിലേക്ക് വാരിയെറിഞ്ഞ് പ്രവർത്തകർ ആവേശമുണർത്തി. ഗതാഗതക്കുരുക്കിൽ വാഹനം പെട്ടതോടെ തൊട്ടടുത്തുകിടന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാർക്കും പ്രിയങ്ക ഷേക്ക്ഹാൻഡ് നൽകി.
 സമയം 12.20
കൊട്ടുകുളങ്ങര ജംഗ്‌ഷനിലെത്തിയപ്പോൾ അരിതയുടെ വീട്ടിൽ പോകാമെന്ന ആഗ്രഹം പ്രിയങ്ക പങ്കുവച്ചു. പിന്നീട് അതിനുള്ള നീക്കങ്ങൾ വേഗത്തിലായിരുന്നു. സന്ദേശം ലഭിച്ചതോടെ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ദേശീയ പാതയിൽ കൃഷ്‌ണപുരം ജംഗഷനിൽ പ്രിയങ്കയോട് സംസാരിക്കാനായി അരിതയുടെ മാതാപിതാക്കളും സഹോദരും കാത്തുനിൽപ്പുണ്ടായിരുന്നു. അവരോട് വേഗം വീട്ടിലെത്താൻ അരിതയുടെ നിർദ്ദേശം. കായംകുളം ജംഗ്‌ഷനിൽ നിന്ന് തിരിഞ്ഞ് രണ്ടുകിലോമീറ്റർ ഉള്ളിൽ പുതുപ്പള്ളിയിലെ വീട്ടിലേക്ക്. പ്രിയങ്ക തിണ്ണയിലേക്ക് കയറി. അമ്മയുടെ കൈയിലായിരുന്നു വീടിന്റെ താക്കോൽ. അതിനാൽ അവർ വരാനായി കാത്തിരിപ്പ്. ഓടിയെത്തിയ അരിതയുടെ അമ്മയെ പ്രിയങ്ക വാരിപ്പുണർന്നു. പത്തുമിനിട്ടിനുള്ളിൽ അവിടെ നിന്ന് മടങ്ങി. കൃഷ്‌ണപുരം വഴി ഓച്ചിറയിലേക്ക് കടക്കുമ്പോൾ വഴിനീളെ കാത്തുനിൽക്കുന്നവരുടെ നിരയായിരുന്നു.