s

ആലപ്പുഴ : പ്രചാരണം അവസാന നാളുകളിലേക്ക് പ്രവേശിച്ചതോടെ നാടാകെ അലയടിക്കുകയാണ് പാരഡി ഗാനങ്ങൾ. ഹിറ്റ് ഗാനത്തിന്റെ ഈണത്തിനൊത്ത് വെറുതെ വരികൾ ചേർത്ത് ചമയ്ക്കലല്ല തിരഞ്ഞെടുപ്പ് പാരഡിഗാനങ്ങൾ. കൃത്യമായ രാഷ്ട്രീയം പറഞ്ഞ്, ആരോപണങ്ങൾ ഉന്നയിച്ച്, വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടി, അണികളിൽ ആവേശം ചൊരിയുന്ന പാട്ടുകളോടാണ് സ്ഥാനാർത്ഥികൾക്ക് പ്രിയം.

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ പാട്ടെഴുത്തുകാർക്ക് ചാകരക്കാലമായിരുന്നു. നിയമസഭാ തലത്തിൽ സ്ഥാനാർത്ഥികളുടെ എണ്ണം കുറഞ്ഞെങ്കിലും ഗാനങ്ങൾ തയാറാക്കുന്നതിൽ അതീവ ജാഗ്രതയാണ് അണിയറപ്രവർത്തകർ പുലർത്തുന്നത്. മുന്നണികൾക്ക് വേണ്ടിയും, മണ്ഡലം തിരിച്ചു പാട്ടുകൾ ഇറക്കുന്നുണ്ട്. ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി തന്നെ 5 മുതൽ 10 പാട്ടുകൾ വരെ തയാറാക്കുന്നവരുണ്ട്. എതിർപാർട്ടികളെ തേച്ചൊട്ടിക്കുന്നതിനൊപ്പം, സ്വന്തം നേട്ടങ്ങളും പദ്ധതികളും ഉയർത്തിക്കാട്ടുന്ന വരികളാണ് ഉൾപ്പെടുത്തുന്നതെന്ന് പാട്ടെഴുത്തുകാർ പറയുന്നു.

വിഷയം പ്രധാനം

മുൻകാല തിരഞ്ഞെടുപ്പുകളിൽ പാരഡി ഗാനം വേണമെന്ന് മാത്രമാണ് മുന്നണികളും സ്ഥാനാർത്ഥികളും ആവശ്യപ്പെട്ടിരുന്നത്. ഇന്ന് സ്ഥിതി മാറി. പാട്ടിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ച് പാർട്ടിക്കാർക്ക് വ്യക്തമായ ധാരണയുണ്ട്. അതിനാൽ എഴുത്തുകാരുടെ ഭാവനയെക്കാൾ നേതാക്കളുടെ നിർദേശങ്ങളാണ് പരിഗണിക്കുന്നത്. സ്വർണക്കടത്തും, സോളാറും, പാലാരിവട്ടവുമെല്ലാം പാട്ടായി പുറത്തിറങ്ങിയിട്ടുണ്ട്.

ഡിമാൻഡിന് അനുസരിച്ച് റേറ്റ്

കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ, പ്രശസ്ത മാപ്പിളപാട്ടുകൾ എന്നിവയുടെ രാഷ്ട്രീയ പാരഡികൾക്ക് എക്കാലത്തും ഡിമാൻഡാണ്. പ്രചാരണത്തിന്റെ ആദ്യ നാളുകളിൽ ഇറക്കിയ പാട്ടുകളെക്കാൾ വ്യത്യസ്തമായവയാണ് അവസാന റൗണ്ടിൽ പുറത്തിറക്കുന്നത്. 3000 മുതൽ 5000 രൂപ വരെയാണ് സ്റ്റുഡിയോകൾ ഒരു പാട്ടിന് ഈടാക്കുന്നത്. പുതിയ പാട്ട് എഴുതി, ഈണമിട്ട് ചിട്ടപ്പെടുത്തി നൽകണമെങ്കിൽ നിരക്ക് 10,000 രൂപയിൽ ആരംഭിക്കും.

വ്യത്യസ്തതയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പരമാവധി ആളുകളിൽ ഓളം സൃഷ്ടിക്കുകയാണ് പാട്ടുകളുടെ ലക്ഷ്യം. നേതാക്കൾ നേരിട്ടെത്തി വരികളും ഈണവും പരിശോധിച്ച് തൃപ്തിയായ ശേഷമാണ് പാട്ട് റെക്കാഡ് ചെയ്തിറക്കുന്നത്

- ബിസി ഹരിദാസ്, അനൗൺസർ