s

ആലപ്പുഴ: പൊരിവെയിലിന് മീതേ ആർത്തലച്ചു പെയ്തൊരു പെരുമഴയായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ. ഒരുപക്ഷേ, പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ പോലും ഇത്ര വലിയൊരു ആൾക്കൂട്ടം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും പകർന്ന് ജ്യേഷ്ഠൻ മടങ്ങിയതിനു പിന്നാലെ വന്ന അനുജത്തിയും നാടിനെ ഇളക്കിമറിച്ചു.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രവർത്തകർക്ക് പോരാട്ടവീര്യം പകരുന്നതായി പ്രിയങ്കയുടെ പര്യടനം.

യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനായി ചേപ്പാട് മുതൽ ഓച്ചിറ വരെയായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ.

പ്രിയങ്കയുടെ വരവോടെ മണ്ഡലം പിടിച്ചെടുക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ വഴി നീളെ കാത്തുനിന്ന് ഇന്ദിരയുടെ ചെറുമകൾക്ക് ഗംഭീര വരവേൽപ്പ് നൽകി. ആവേശഭരിതയായ പ്രിയങ്ക സുരക്ഷാഭടൻമാരുടെ വിലക്കുകൾ ലംഘിച്ച് പലേടത്തും റോഡിലിറങ്ങി. അമ്മമാരോടും കുഞ്ഞുങ്ങളോടും ചെറുകുശലം. സെൽഫിക്കായി തിരക്ക് കൂട്ടിയവരിലേക്ക് ചിരിയോടെ ചേർന്നു നിന്നു. അരിതയെ വാഹനത്തിനു മുകളിൽ ചേർത്തു നിറുത്തിയുള്ള റോഡ്‌ഷോ കോൺഗ്രസ് പ്രവർത്തകരിലുണ്ടാക്കിയ ആവേശം ചെറുതല്ല.

നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകി പന്ത്രണ്ടോടെയാണ് പ്രിയങ്ക എൻ.ടി.പി.സി മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയത്. എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറും കെ.പി.സി.സി സെക്രട്ടറി ജ്യോതി വിജയകുമാറും ഒപ്പമുണ്ടായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഐ.എൻ.ടി.യുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, അരിതാബാബു എന്നിവർ ചേർന്ന് സ്വീകരിച്ചു. പിന്നീട് ദേശീയപാതയിലൂടെ ഓച്ചിറ വരെയുള്ള 14 കിലാേമീറ്ററിൽ ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്ന ‌റോഡ്ഷോ. ഒരു സ്ഥലത്തും പൊതുസമ്മേളനങ്ങളുണ്ടായിരുന്നില്ല. കായംകുളത്ത് എത്തിയപ്പോൾ അരിതയുടെ വീട്ടിൽ സന്ദർശനം നടത്താനും പ്രിയങ്ക സമയം കണ്ടെത്തി. മുൻകൂട്ടി നിശ്ചയിച്ചതായിരുന്നില്ല ഈ പരിപാടി. പ്രിയങ്കയെ കാണാൻ റോഡരികിൽ നിന്ന മാതാപിതാക്കളെ പിന്നീട് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ക്ഷീര കർഷകരായ മാതാപിതാക്കളോട് മകളെ രാഷ്‌ട്രീയത്തിലേക്ക് ഇറക്കിയത് സന്തോഷകരമാണോയെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. അനുകൂലിച്ച് എല്ലാവരും തലയാട്ടിയതോടെ പ്രിയങ്ക പുഞ്ചിരിയോടെ അരിതയെ നോക്കി. ചുറ്റുമുള്ള വീട്ടുകാരും പ്രവർത്തകരും തിക്കിക്കൂടിയതോടെ പത്തു മിനിട്ടുനുള്ളിൽ പ്രിയങ്ക മടങ്ങി. പിന്നീട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു പര്യടനം.