salam

ആലപ്പുഴ: തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ അമ്പലപ്പുഴ മണ്ഡലത്തിൽ പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ് മുന്നണി സ്ഥാനാർത്ഥികളും പ്രവർത്തകരും. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർത്ഥികൾ. ചുട്ടുപൊള്ളുന്ന ചൂട് ഒന്നിനുമൊരു തടസമാവുന്നില്ല.

മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാം ഇന്നലെ പീലിംഗ് ഷെഡുകളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് 2 മുതൽ പുന്നപ്ര ഭാഗത്ത് വീട് കയറി വോട്ടു തേടി. വൈകിട്ട് ആറ് മുതൽ മാങ്കടപള്ളി, ഇടവഴിക്കൽ,പുന്നപ്ര കിഴക്ക് എന്നിവിടങ്ങളിൽ പര്യടനം നടന്നു. രാത്രിയിൽ നേതാക്കളുമായി അവലോകന യോഗത്തിൽ പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജു ആലപ്പുഴ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും കയറി വോട്ടു തേടി. രാലിലെ പുലയൻ വഴി, വലിയചുടുകാട്, കളർകോട് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ഉച്ചകഴിഞ്ഞ് ആലപ്പുഴ ബാർ കൗൺസിലിന്റെ ഉൾപ്പെടെ സ്വീകരണ പരിപാടികളിലും പങ്കെടുത്തു.

എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ പദയാത്ര ഇന്നലെ രാവിലെ മത്സ്യഗന്ധി ജംഗ്ഷനിൽ നിന്നാരംഭിച്ച് ഇ.എസ്.എ ജംഗ്ഷനിൽ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ നഗരം, അമ്പലപ്പുഴ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് പുന്നപ്ര കപ്പക്കടയിൽ നടന്ന മഹിളാ സംഗമത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല സംസാരിച്ചു.