
ആലപ്പുഴ: പ്രചാരണത്തിന്റെ അവസാന ലാപ്പിൽ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ആലപ്പുഴ മണ്ഡലത്തിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും. ഭവനസന്ദർശനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ വോട്ടർമാരുമായി സംവദിക്കുന്ന പരിപാടികൾക്കും തുടക്കമിട്ടിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ.എസ് മനോജ് മംഗലം വാർഡിലെ വീടുകളിൽ ഇന്നലെ അതിരാവിലെ തന്നെ വോട്ട് തേടി ഇറങ്ങി. ജനിച്ചു വളർന്ന മംഗലം പ്രദേശത്ത് സ്നേഹവാത്സല്യങ്ങളുമായി ചുറ്റിനും കൂടിയ ജനങ്ങൾക്ക് നടുവിൽ വികാരഭരിതനായി നിന്നാണ് ഡോക്ടർ വോട്ട് തേടിയത്. കലവൂർ ബർണാഡ് ജംഗ്ഷന് കിഴക്ക് നിന്ന് തുറന്ന ജീപ്പിൽ ആരംഭിച്ച പര്യടനം കലവൂരിന്റെ കിഴക്കൻ പ്രദേശങ്ങളും മണ്ണഞ്ചേരിയും ചുറ്റി പൊന്നാട് അവസാനിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജൻ രാവിലെ ഐക്യഭാരതം പ്രദേശത്ത് ഭവനസന്ദർശനം നടത്തിയശേഷം വല്ലഭദാസ് കമ്പനിയിലെ തൊഴിലാളികളെ സന്ദർശിച്ചു. തുടർന്ന് പരിസര പ്രദേശങ്ങളിൽ ഭവന സന്ദർശനം. പിന്നീട് പാതിരാപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കയർ ഫാക്ടറികളിൽ വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളിൽ സ്ഥാനാർഥി സ്വീകരണ പര്യടനവും നടന്നു.
രാവിലെ ആര്യാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയുടെ പ്രചാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി ജനവിധി തേടിയ സ്ഥാനാർത്ഥികളുടെ സംഗമം നഗരത്തിൽ നടത്തി. ഉച്ചയ്ക്ക് ശേഷം മണ്ണഞ്ചേരി പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.