കുട്ടനാട് : കേന്ദ്രത്തിൽ രണ്ടാംവട്ടവും നരേന്ദ്രമോദി അധികാരത്തിൽ എത്തിയത് കോൺഗ്രസിന്റെ തെറ്റായ നിലപാടുകളും നീക്കങ്ങളും മൂലമാണെന്ന് എൻ.സി.പി നേതാവ് പിസി ചാക്കോ അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് കെ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാമങ്കരിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് സ്വീകരിച്ച തെറ്റായ നിലപാടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയത്.
നാളത്തെ പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്ന രാഹുൽ ഗാന്ധിയെപ്പോലെ ഒരാൾ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും വേരോട്ടമുള്ള മണ്ണിൽ മത്സരിച്ചാൽ ഉണ്ടാവുന്ന രാഷ്ട്രീയ പ്രത്യാഘാതം തന്നെപ്പോലുള്ളവർ അന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണെന്നും ചോക്കോ പറഞ്ഞു. എന്നാൽ കേരളത്തിലെ ചില നേതാക്കളുടെ പിടിവാശി രാഹുൽഗാന്ധിയെ കേരളത്തിൽ എത്തിക്കുകയായിരുന്നു.ഇത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ കുപ്രചരണം നടത്താൻ ബിജെപിക്ക് അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അശോകൻ അദ്ധ്യക്ഷതവഹിച്ചു. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ , ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ.കെ.സി.ജോസഫ്, എൻ.വൈ.സി ദേശീയ അദ്ധ്യക്ഷൻ ധീരജ് ശർമ്മ,എൻ.എസ്.സി ദേശീയ പ്രസിഡന്റ് സോണിയ ധൂം,എ.മഹേന്ദ്രൻ, ജി.ഉണ്ണിക്കൃഷ്ണൻ, കെ.പ്രകാശൻ, കെ.ഗോപിനാഥൻ,എൻ. സന്തോഷ് കുമാർ, ജോർജ് കൈപ്പടാശ്ശേരി,റഷീദ് നമ്പലശ്ശേരി,ഷാജി തോട്ടുകടവിൽ,മാത്യൂസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.