s

ആലപ്പുഴ: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ നീക്കം ചെയ്ത് കുറ്റമറ്റതാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കൈക്കൊള്ളുന്ന നടപടികൾ എൽ.ഡി.എഫ് ശരിവയ്ക്കുന്നതായി സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. പട്ടിക കൃത്യമായി പരിഷ്ക്കരിക്കുമ്പോൾ കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് വ്യക്തമാകും. രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിയതിലും പിന്നിലും കോൺഗ്രസ് - ബി.ജെ.പി ബന്ധമാണ് തെളിയുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടന സ്ഥാപനമെന്ന നിഷ്‌പക്ഷത മറക്കുന്നു. മോദി ഭരണത്തിന്റെ രാഷ്ട്രീയ ചട്ടുകമായി ഇത്തരം സ്ഥാപനങ്ങൾ മാറുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം ജയിക്കുന്നത് തങ്ങൾക്ക് സഹായകരമാകുമെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. കേരളത്തിലെ പന്ത്രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ധാരണയാണ്. ഇതിൽ ഗുരുവായൂരും തലശ്ശേരിയും ദേവികുളവും ഉൾപെടും. അഴിമതിക്കറ പുരളാത്ത നേതാവായ എ.കെ.ആന്റണി കൗശല രാഷ്ട്രീയത്തിന്റെ വക്താവായി മാറുന്നത് ദൗ‌ർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് , ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ജ്യോതിസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.