മാവേലിക്കര: നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി കെ.സഞ്ചുവിന്റെ വിജയം ഉറപ്പായ സാഹചര്യത്തിൽ ചില കോൺഗ്രസ് നേതാക്കൾ സി.പി.എം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് പ്രചരണം നടത്തുന്നതായി ബി.ജെ.പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.അനൂപ്, ജനറൽ സെക്രട്ടറി കെ.വി.അരുൺ എന്നിവരാണ് ആരോപണമുന്നയിച്ചത്. മാവേലിക്കരയിൽ ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫിൽ ഒരു വിഭാഗം പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതും ബി.ജെ.പിയുടെ വിജയത്തിന് അനുകൂല ഘടകമാകും.
സ്‌പെഷ്യൽ വോട്ടിന്റെ മറവിൽ ഇടതുപക്ഷ സർവീസ് സംഘടനകളിലെ ഉദ്യോഗസ്ഥർ വ്യാപകമായി കളളവോട്ട് ചെയ്യുകയാണെന്നും നേതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ തെളിവ് സഹിതം വരണാധികാരിക്കും തിരഞ്ഞെടുപ്പ് കമ്മി​ഷനും പരാതി നൽകിയതായും ബി.ജെ.പി നേതാക്കൾ പറഞ്ഞു.