മാവേലിക്കര: ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മാവേലിക്കരയിൽ ഇന്ന് മുതൽ 18 വരെ ചക്ക മഹോത്സവം പുതിയകാവ് വലിയവീട്ടിൽ ബിൽഡിംഗിൽ നടക്കും. ചക്ക, കൂൺ, തേൻ, നെല്ലിക്ക എന്നിവയുടെ ഔഷധ ഗുണമുള്ള മൂല്യവർദ്ധിത ഉത്പനങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ നടത്തും.
ചക്കകൊണ്ടുള്ള ചമ്മന്തിപൊടി, സ്ക്വാഷ്, ഐസ്ക്രീം, അരിയുണ്ട, പപ്പടം, ജാം, ചോക്ലേറ്റ്, വേദിയിൽ തന്നെ തയ്യാറാക്കുന്ന ചക്ക പായസം ചക്ക ഉണ്ണിയപ്പം എന്നിവയാണ് മേളയിലെ പ്രധാന ആകർഷണം. ഇത് കൂടാതെ തേനിന്റെ ഉത്പന്നങ്ങളായ മാതളതേൻ, നെല്ലിക്കതേൻ, കാന്താരിതേൻ, മഞ്ഞൾതേൻ, ബ്രഹ്മിതേൻ, പൂമ്പോടിതേൻ എന്നിവയും കൂണിന്റെ ഉത്പന്നങ്ങളായ കൂർൺ സോപ്പ്, കൂൺ ഓയിൽ, കൂർൺ അച്ചാർ എന്നിവയും ലഭിക്കും. നെല്ലിക്കയിൽ നിന്നുള്ള ഹെൽത്ത് ഡ്രിങ്കും ഒരുക്കുന്നുണ്ട്.
ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർളി ആയുർജാക്ക് പ്ലാവിൻ തൈകൾ, ആറുമാസം കൊണ്ട് കായ്ക്കുന്ന തായ്ലാൻഡ് ആൾ സീസൺ മാവിൻ തൈകൾ, തെങ്ങിൻ തൈകൾ, പച്ചക്കറി, പൂച്ചെടി വിത്തിനങ്ങളും നിരവധി കാർഷിക വിളകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശനം.