
ആലപ്പുഴ: കുടുംബയോഗങ്ങളിലും സ്വീകരണ സമ്മേളനങ്ങളിലും വോട്ടർമാരെ ആകർഷിക്കാൻ സിനിമ - സീരിയൽ താരങ്ങളെ ഇറക്കി മുന്നണികൾ. ഇതു കൂടാതെ ദേശീയ നേതാക്കളെയും രംഗത്തിറക്കി കളം കൊഴുപ്പിക്കുകയാണ് ഓരോ മുന്നണിയും.
ചുരുങ്ങിയ സമയത്തിനുള്ളിൽ വിഷയങ്ങൾ വോട്ടർമാരുടെ മനസിൽ കുത്തി നിറയ്ക്കേണ്ടതുണ്ട്. തുടർഭരണ സാദ്ധ്യത നിലനിൽക്കെ, ജനമനസ് മാറാതിരിക്കാനുള്ള കരുതലിലാണ് എൽ.ഡി.എഫ്. രാഹുലും പ്രിയങ്കയും കളത്തിലിറങ്ങിയാൽ വോട്ടർമാരുടെ മനസിൽ ചാഞ്ചാട്ടമുണ്ടാകുമെന്ന് കോൺഗ്രസിന്റെ സ്പെഷ്യൽ സർവേ ടീം നടത്തിയ വിശകലനത്തിൽ ആലപ്പുഴ ജില്ലയും ഉൾപ്പെടുന്നു. പല സി.പി.എം മണ്ഡലങ്ങളും ഇപ്രാവശ്യം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് ക്യാമ്പിനുള്ളത്. സംസ്ഥാനത്തെ എല്ലാ സർവ്വേ ഫലങ്ങളും അനുകൂലമായത് ഇടതിന്റെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുന്നു. സർവ്വേകളിൽ പ്രതിഫലിച്ച പൊതുവികാരം മാറാതിരിക്കാൻ വിവാദങ്ങൾക്ക് വഴിവെച്ച് കൊടുക്കുന്ന പ്രസ്താവനകളോ, നടപടികളോ കഴിവതും ഒഴിവാക്കിയാണ് ഇടത് പ്രചാരണം. നില മെച്ചപ്പെടുത്തുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ജില്ലയിൽ എ പ്ലസ് കാറ്റഗറിയുള്ള മണ്ഡലങ്ങളില്ലെങ്കിലും പൊടുന്നനെ സൃഷ്ടിക്കപ്പെട്ട ഓളം പല മണ്ഡലങ്ങളിലും അട്ടിമറിക്ക് വഴിവെയ്ക്കുമെന്നാണ് എൻ.ഡി.എനേതൃത്വത്തിന്റെ വിലയിരുത്തൽ.
ആരോപണത്തിനും കുറവില്ല
പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളും കടുക്കുകയാണ്. വീട്ടിലെത്തിയുള്ള വോട്ടെടുപ്പിൽ അട്ടിമറി നടക്കുന്നതായും, കുടുംബശ്രീ വനിതകളെ ഭീഷണിപ്പെടുത്തി പാർട്ടി യോഗങ്ങിൽ പങ്കെടുപ്പിക്കുന്നതായും ഇടത് - വലത് മുന്നണികൾ ആരോപണ ശരങ്ങൾ എറിയുന്നു. മസ്റ്ററിൽ നിന്ന് പേര് വെട്ടുമെന്ന് ഭീഷണി ഉയർത്തി സ്ഥാനാർത്ഥിയുടെ പരിപാടിക്ക് എത്താൻ തൊഴിലുറപ്പ് പ്രവർത്തകരെ നിർബന്ധിക്കുന്ന തൊഴിലുറപ്പ് മെയ്റ്റിന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. 80 കഴിഞ്ഞ വോട്ടർമാരുടെ സമ്മതിദാനാവകാശം പല സ്ഥലത്തും വാർഡ് മെമ്പർമാർ വിനിയോഗിക്കുന്നതായാണ് മറ്റൊരു ആക്ഷേപം.