
ഹരിപ്പാട്: തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അബദ്ധ പഞ്ചാംഗമാണെണ് ഹൈക്കോടതി വിധിയോടെ വ്യക്തമായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരുവാറ്റയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 38,000 ഇരട്ടവോട്ടർമാർ മാത്രമേയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് ശരിയില്ല. 4,34,000 വ്യാജവോട്ടർമാർ ഉണ്ട് എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു.
കള്ളവോട്ട് തടയാൻ ബൂത്തുകളിൽ കാമറ വയ്ക്കണം, ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്ര സേനയെ വിന്യസിക്കണം തുടങ്ങിയ കോടതിയുടെ നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം. കേരള കോൺഗ്രസ് ജോസ് വിഭാഗവും സി.പി.എമ്മും തമ്മിലുള്ള അടി തുടങ്ങിയിട്ടേയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു.