
മാർച്ച് പിറന്നതോടെ കൊടുംചൂടിലേക്ക് നീങ്ങുകയാണ് നാട്. ചൂടിന്റെ അളവ് സ്ഥായിയായി നിൽക്കുമ്പോഴും ഇതുമൂലമുണ്ടാകുന്ന ക്ലേശങ്ങളും ദുരിതങ്ങളും ഓരോ വർഷം പിന്നിടുമ്പോഴും കൂടി വരികയാണ്. വർഷകാലചര്യ പോലെ വേനലിനും ജീവിതചര്യയുണ്ട്. കാലാവസ്ഥയ്ക്ക് യോജിക്കുന്ന തരത്തിലാണ് വേനൽചര്യ ക്രമപ്പെടുത്തിയിട്ടുള്ളത്. കുളി മുതൽ ഭക്ഷണവും ഉറക്കവും യാത്രയും അടക്കം ശ്രദ്ധിച്ചാൽ വേനലിൽ അധികം വലയാതിരിക്കാം. മനസും ശരീരവും വീടും തൊടിയും തണുപ്പിച്ചാൽ ചൂടും കുറയും.
ശരീരത്തെ ക്ഷീണിപ്പിക്കുന്ന കാലമാണ് വേനൽ. 37 ഡിഗ്രിയാണ് ശരീരത്തിന്റെ ഊഷ്മാവ്. രണ്ടോ മൂന്നോ ഡിഗ്രി ചൂടുയർന്നാൽ ശരീരത്തിന് സഹിക്കാൻ സാധിക്കില്ല. നിർജലീകരണം, വിശപ്പ് കുറയൽ, ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ മന്ദത എന്നിവയെ വേനൽ ബാധിക്കും. വൃക്ക, കരൾ, ഹൃദയം, തലച്ചോർ എന്നിവയുടെ പ്രവർത്തനം മെല്ലെ താളം തെറ്റിത്തുടങ്ങും. പ്രമേഹവും രക്തസമ്മർദവും കുടുതൽ ഉള്ളവർക്ക് അവ അൽപം കൂടി വർദ്ധിക്കും.
വേണം സമ്മർ കെയർ
l രണ്ടോ മൂന്നോ നേരം കുളിക്കാം. ചൂടുവെള്ളം വേണ്ട. കൂടുതൽ സമയം ശരീരത്തിൽ വെള്ളം വീഴ്ത്താം. ഷവർ ഉപയോഗിക്കുന്നതു നന്ന്.
l കഴിവതും സോപ്പ് ഉപയോഗം കുറയ്ക്കുക. പകരം ചെറുപയർ, കടല, ഇഞ്ച പൊടികൾ ഉപയോഗിക്കാം.
l തലയിൽ താളി തേയ്ക്കാം. വെളിച്ചെണ്ണ, നല്ലെണ്ണ ഉപയോഗിക്കാം. ചൂടുള്ള എണ്ണകൾ ഒഴിവാക്കുക.
l അയഞ്ഞ വസ്ത്രങ്ങൾ വേണം വേനൽക്കാലത്ത് ഉപയോഗിക്കാൻ. പരുത്തി വസ്ത്രങ്ങൾ ഉചിതം.
l കഞ്ഞിയാണ് വേനലിന്റെ ഭക്ഷണം. ശരീരത്തെ തണുപ്പിക്കാനും വേഗത്തിൽ ദഹനം നടക്കാനും ഉത്തമം. ചമ്മന്തി, പയർ, ഇലക്കറികൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തണം. വേനൽക്കാലത്ത് എരിവ് കുറയ്ക്കണം. മസാലകളും കുറയ്ക്കാം.
l മറ്റ് അസുഖങ്ങളില്ലെങ്കിൽ നെയ്യ് ഉപയോഗിക്കാം. രാവിലെയും വൈകിട്ടും ഓരോ സ്പൂൺ നെയ്യ് കഴിക്കുന്നതു ശരീരത്തെ തണുപ്പിക്കും.
l വെളിച്ചെണ്ണ ദേഹത്ത് തേച്ചുപിടിപ്പിച്ച് കുളിക്കുന്നത് നല്ലതാണ്. ദേഹത്തിന് തണുപ്പ് പ്രദാനം ചെയ്യും. പാൽ, മോര് എന്നിവയും ധാരാളം ഉപയോഗിക്കാം.
l നേന്ത്രപ്പഴം പുഴുങ്ങി കഴിക്കുന്നത് വേനൽക്കാല ക്ഷീണമകറ്റും.
l മാംസാഹാരങ്ങൾ വേനലിൽ ചൂടു കൂട്ടും. ചിക്കൻ ഏറെ പ്രിയമാണെങ്കിലും ചൂടുകാലത്ത് ഒഴിവാക്കാം. ഷെൽ ഫിഷ് ഇനത്തിലുള്ള ചെമ്മീൻ, ഞണ്ട്, കക്ക എന്നിവയും ചൂടുണ്ടാക്കുന്നവയാണ്. മീനുകളിൽ അയല, സ്രാവ്, കൂരി എന്നിവയും വേണ്ടെന്നു വയ്ക്കാം.
l കറികളിൽ ഉപ്പും മസാലയും ഉപയോഗിക്കുമ്പോഴും ഒരു പൊടിക്ക് ശ്രദ്ധിക്കാം. ഉപ്പ് കുറച്ചു മതി. ഉലുവ, മല്ലി, ജീരകം എന്നിവ നല്ലതാണ്. പക്ഷേ കുരുമുളക്, ഉണക്കമുളക് എന്നിവ കുറയ്ക്കാം.
l സാലഡ് ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. തക്കാളി, കാരറ്റ്, വെള്ളരിക്ക എന്നിവ തണുപ്പ് നൽകും.
l ചൂടു കുറയ്ക്കാൻ
കാൻ കരിക്ക് അത്യുത്തമാണ്. പുറത്ത് പോയി വന്നാൽ കരിക്കോ നാരങ്ങവെള്ളമോ മോരോ കുടിക്കാൻ ശ്രദ്ധിക്കണം.
l ധാരാളം വെള്ളം കുടിക്കുക. നാലു മുതൽ അഞ്ചു ലിറ്റർ വരെ വെള്ളമാകാം. മൂത്രത്തിന്റെ നിറം മങ്ങിയ മഞ്ഞയാണ് എന്നോർക്കുക. റഫ്രിജറേറ്ററിലെ വെള്ളത്തേക്കാളും മൺകൂജയിലെ സ്വാഭാവികമായി തണുത്ത വെള്ളം ഗുണം ചെയ്യും. നറുനിണ്ടിക്കിഴങ്ങ്, രാമച്ചം, കൊത്തമല്ലി എന്നിവയിൽ ഏതെങ്കിലുമിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക. ശരീരത്തിലെ ചൂട് മാറ്റി ശരീരം തണുക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ ദഹന പ്രക്രിയയും സുഗമമാകും. ചൂടുകുരു, കൺകുരു, തൊലിപ്പുറത്തെ കറുപ്പ് എന്നിവ മാറാനും ഇവ സഹായിക്കും.
l നേരിട്ട് ഫാനിന് കീഴിൽ കിടക്കരുത്. ഫാനിന്റെ ശരീരത്തിലെ ജലാംശം കുറയുന്നതിന് ഇടയാക്കും. കൂടുതൽ വെള്ളം കുടിക്കാം.
l തണുപ്പ് ലഭിക്കുന്ന ലേപനങ്ങൾ പുരട്ടുന്നത് നല്ലതാണ്. രണ്ട് നേരം ഇളനീർ കുഴമ്പ് കണ്ണിൽ എഴുതുന്നത് ചൂട് മൂലമുള്ള നേത്ര രോഗങ്ങൾ കുറയ്ക്കും.
l ചന്ദനം, രാമച്ചം ഇവ കലർന്ന കുഴമ്പുകൾ പുരട്ടി കുളിക്കാം. ആര്യവേപ്പ് ഇല അരച്ചു പുരട്ടി കുളിക്കുന്നതു വേനൽക്കാല രോഗങ്ങളെ അകറ്റും.
l വേനൽക്കാലത്ത് ഉറക്കം കുറയാറുണ്ട്. കിടക്കും മുമ്പ് കാൽ മുട്ടിന് താഴെ നനച്ച് തുടച്ച് ഈർപ്പം നില നിർത്തുന്നത് നല്ലതാണ്.
l മഴക്കാലത്ത് മാത്രമല്ല, വേനൽക്കാലത്തും കുട ശീലമാക്കാം. നേരിട്ടുള്ള ചൂട് ശരീരത്തിൽ ഏൽക്കുന്നത് തടയും. ഇരുചക്രവാഹനത്തിലെ യാത്രകൾ കുറയ്ക്കുക. ബസ്, കാർ പോലുള്ള വാഹനങ്ങളിലേക്ക് മാറുക.
l ഫ്രിഡ്ജിൽ സ്പ്രേ കുപ്പിയിൽ വെള്ളം വച്ചിരുന്നാൽ പുറത്തു പോയി വരുമ്പോൾ മുഖത്തു സ്പ്രേ ചെയ്യാം. റിഫ്രഷ് ആകാൻ അത് സഹായിക്കും. ജനാലകൾ രാവിലെ തുറന്നിട്ട ശേഷം വെയിൽ കനക്കുന്നതോടെ അടച്ചിടുകയും കർട്ടനിട്ട് മൂടുകയും ചെയ്താൽ മുറി ചൂടാകില്ല.
l പ്രഭാതങ്ങളിൽ ഇളം തണുപ്പും മറ്റുസമയങ്ങളിൽ ചൂടുള്ളതുമായ കാലാവസ്ഥ വ്യായാമത്തിനു നല്ലതാണ്.
l വിയർപ്പുമണം മാറാൻ ഡിയോഡറന്റ് ഉപകരിക്കും. വിയർപ്പു കുറയ്ക്കാനായി സ്പ്രേകളോ റോൾ ഓണോ കക്ഷത്തിൽ പുരട്ടാം. കാപ്പി മദ്യം, ഇവ കുറച്ചാലും വിയർപ്പു കുറയും.
l വേനലിൽ പാലും പാലുത്പന്നങ്ങളും നല്ലതാണെങ്കിലും തൈരും ചീസും വേണ്ട. ചൂടിനെ വെല്ലാൻ മികച്ചത് സംഭാരം/ മോരു വെള്ളം തന്നെ. ഉച്ചയ്ക്ക് നിർബന്ധമെങ്കിൽ അൽപം തൈര് കഴിയ്ക്കാം, പക്ഷേ രാത്രിയിൽ അരുത്.
l ഇടവേളകളിൽ സാലഡുകളോ പഴങ്ങളോ കഴിക്കാം. വേവിച്ച / ആവി കയറ്റിയ പച്ചക്കറികൾ, വെജിറ്റബിൾ സാലഡ് എന്നിവ കഴിയ്ക്കാം. നാലുമണി പലഹാരമായി മധുരക്കിഴങ്ങ് പുഴുങ്ങാം.അവിൽ വിളയിക്കാം. വറുത്തതും പൊരിച്ചതിനും പകരം ആവിയിൽ പുഴുങ്ങിയതും നാടനുമായുള്ള പലഹാരങ്ങളാണ് നല്ലത്.
ഫ്രൂട്ട് മാജിക്
മനസും ശരീരവും തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കാം. ഓരോ കാലത്തും ലഭ്യമായ പഴങ്ങളാണ് കഴിക്കേണ്ടത്, ഓരോ സീസണിൽ ലഭ്യമായ അഞ്ചു പഴങ്ങൾ ഏതൊക്കെ എന്നു നോക്കാം.
തണ്ണിമത്തൻ : പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനിൽ 94 ശതമാനവും വെള്ളം ആണ്. വേനൽക്കാലത്ത് കഴിക്കാൻ ഇതിലും മികച്ച പഴം ഇല്ല. കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീൻ ധാരാളമുള്ള തണ്ണിമത്തൻ ഹൃദയാരോഗ്യവുമേകുന്നു.
മാമ്പഴം: ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമാണ്. പഴങ്ങളുടെ രാജാവ് എന്ന വിശേഷണം എന്തുകൊണ്ടും അർഹിക്കുന്ന മാമ്പഴം നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണമേകുന്നു. ദഹനത്തിന് സഹായിക്കുന്നത് മുതൽ അർബുദം തടയാൻ വരെ മാമ്പഴത്തിന് കഴിയും. ഈ വേനൽക്കാലം മാമ്പഴക്കാലം കൂടിയാകട്ടെ.
മൾബറി : ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മൾബറിപ്പഴങ്ങൾ. ആന്റിഓക്സിഡന്റായ ആന്തോസയാനിൻ, അർബുദം പ്രതിരോധിക്കുന്ന റെസ്വെറാട്രോൾ ഇവയും മൾബറിയിലുണ്ട്. ജീവകം സി ധാരാളം അടങ്ങിയ മൾബറി ദഹനത്തിനും സഹായകം.
ഞാവൽപ്പഴം : ഇരുമ്പ്, കാൽസ്യം, ജീവകം സി ഇവ ധാരാളം അടങ്ങിയ ഞാവൽപ്പഴം വേൽക്കാലത്തു കഴിക്കാൻ പറ്റിയ പഴമാണ്. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു, നേത്രാരോഗ്യംനൽകുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും ഞാവൽപ്പഴം മികച്ചതു തന്നെ.
തയ്ക്കുമ്പളം : മസ്ക് മെലൺ എന്ന തയ്ക്കുമ്പളം ഈ വേനൽക്കാലത്ത് കഴിക്കാൻ യോജിച്ച പഴമാണ്. ജീവകം സി ധാരാളം അടങ്ങിയ തയ്ക്കുമ്പളം സാലഡിൽ ചേർത്തും ഷേക്ക് രൂപത്തിലും കഴിക്കാം. ഈ അഞ്ചു നാട്ടു പഴങ്ങൾ ഈ വേനൽക്കാലത്ത് കഴിക്കാം. ശരീരം തണുപ്പിക്കുന്നതോടൊപ്പം ആരോഗ്യമേകാനും ഇവ അത്യുത്തമമാണ്.
ചൂട് കുറയ്ക്കാൻ പത്ത് പച്ചക്കറികൾ...
1. വഴുതന
2. കാരറ്റ്
3. ചോളം
4. വെള്ളരി
5. മത്തൻ
6. മുളക്
7. ചുരയ്ക്ക
8. വെണ്ടയ്ക്ക
9. മുള്ളഞ്ചീര
10. ബീൻസ്
പനിയും മഞ്ഞപ്പിത്തവും
ചൂട് കാലത്ത് വൈറസ് രോഗങ്ങൾ എളുപ്പം പടർന്നു പിടിക്കും. ചിക്കൻപോക്സ്, അഞ്ചാംപനി വിവിധതരം പകർച്ചപ്പനികൾ എന്നിവയ്ക്ക് സാദ്ധ്യത. ആരംഭത്തിലേ ചികിത്സ തേടുന്നതു വേഗത്തിലുള്ള പരിഹാരത്തിന് സഹായിക്കും. പരീക്ഷാക്കാലം വരുന്നതിനാൽ രോഗബാധിതരിൽ നിന്നും കുട്ടികൾ അകലം പാലിക്കണം.
ജലദൗർലഭ്യം മുൻകാലങ്ങളെക്കാളും രൂക്ഷമായതിനാൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ. ഇ) പോലുള്ള ജലജന്യ രോഗങ്ങൾ വ്യാപകമാകാം. ഭക്ഷണം കഴിക്കും മുമ്പ് കൈ കഴുകുക, കുറഞ്ഞത് അഞ്ചുമിനിറ്റു നേരം വെട്ടിത്തിളച്ച വെള്ളം മാത്രം കുടിക്കുക.