
ന്യൂഡൽഹി: പോക്സോ കേസ് പ്രതിയോട് പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ആരാഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ. സർക്കാർ ജോലി നഷ്ടപ്പെടുമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ മഹാരാഷ്ട്ര സ്വദേശി മോഹിത് ചവാനോടാണ് ചീഫ് ജസ്റ്റിസ് പരാതിക്കാരിയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചത്.
കേസിൽ അകപ്പെട്ടാൽ ജോലി നഷ്ടപ്പെടുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ''നിങ്ങൾക്ക് അവളെ വിവാഹം കഴിക്കാമെങ്കിൽ ഞങ്ങൾ സഹായിക്കാം. അല്ലെങ്കിൽ, നിങ്ങളുടെ ജോലി പോകും. ജയിലിലാകും. നിങ്ങൾ ആ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് മാനഭംഗം ചെയ്യുകയായിരുന്നു. എന്നാൽ വിവാഹത്തിന് നിങ്ങളെ നിർബന്ധിക്കില്ല. അങ്ങനെ വന്നാൽ കോടതി നിർബന്ധിച്ചു എന്നു നിങ്ങൾ പറയും. - ചീഫ് ജസ്റ്റീസ് പറഞ്ഞു.
പെൺകുട്ടിയെ വിവാഹം കഴിക്കാൻ നേരത്തെ തയാറായിരുന്നുവെന്നും അപ്പോൾ അവൾ നിരസിക്കുകയായിരുന്നുവെന്നും പ്രതി കോടതിയെ അറിയിച്ചു. ഇപ്പോൾ താൻ വിവാഹിതനാണെന്നും വീണ്ടും വിവാഹിതനാകാൻ കഴിയില്ലെന്നും പ്രതി പറഞ്ഞു. തുടർന്ന് പ്രതിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കോടതി തടഞ്ഞു.2014 - 15 കാലയളവിലാണ് 23 കാരനായ ചവാൻ അന്ന് 9ാം ക്ലാസിൽ പഠിച്ച് കൊണ്ടിരുന്ന അകന്ന ബന്ധുവായ പെൺകുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതോടെ പ്രതിയുടെ അമ്മ വീട്ടിലെത്തി പെൺകുട്ടിക്ക് 18 വയസ്സാകുമ്പോൾ മകനുമായുള്ള വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ, പിന്നീട് ചവാൻ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു