
ന്യൂഡൽഹി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിന് വിദേശസഹായം സ്വീകരിക്കാൻ സർക്കാർ ഉപയോഗിച്ച ബിനാമി സ്ഥാപനമാണ് യൂണിടാക്കെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് സത്യവാങ്മൂലമായി സമർപ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സി.എ.ജി ഓഡിറ്റ്, വിദേശസഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കോഴ വാങ്ങാനാണ് യൂണിടാകിനെ ഉപയോഗിച്ചത്. ഫ്ളാറ്റിനായി 10 ദശലക്ഷം ദിർഹം ലൈഫ് മിഷന്റെ അക്കൗണ്ടിലെത്തിയിരുന്നെങ്കിൽ ടെൻഡറിലൂടെ മാത്രം നിർമ്മാണം കൈമാറാൻ കഴിയില്ലായിരുന്നു. യൂണിടാക്കും റെഡ് ക്രെസന്റും തമ്മിലുള്ള കരാറിലൂടെ ഈ നടപടിക്രമങ്ങൾ മറികടക്കാനായിരുന്നു ശ്രമം. കരാറിനായി കൈക്കൂലി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് പ്രതികൾക്കും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ പണം കൈക്കൂലിയായി നൽകി. സ്വർണ കടത്ത് പ്രതികൾക്കും കേസിൽ ബന്ധമുണ്ട്. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന് ഇ-മെയിലയച്ചത് ഇതിന് തെളിവാണ്.
വിദേശസഹായ നിയന്ത്രണ നിയമലംഘനത്തിന്റെ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പദ്ധതിക്കായി അധോലോക ബന്ധമുള്ള ഇടപാടും നടന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലടക്കം ലക്ഷ്യമായിരുന്നു. അതിനാൽ തുടരന്വേഷണം പൂർത്തിയാക്കണം. എഫ്.ഐ.ആർ റദ്ദാക്കിയാൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമാകും. ലൈഫ് മിഷൻ ഉദ്യോഗസ്ഥരെയുൾപ്പെടെ ചോദ്യം ചെയ്യേണ്ടി വരുമെന്നും അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
എന്നാൽ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കാനുള്ള പണമാണ് ലഭിച്ചതെന്നും വിദേശ സഹായമുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പൻ സുപ്രീംകോടതിയിൽ ഹർജി നൽകി. സി.ബി.ഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷൻ നൽകിയ ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും.