
ന്യൂഡൽഹി: വാക്‌സിൻ നിർമ്മാതാക്കളായ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനെയും ഹൈദരാബാദിലെ ഭാരത് ബയോടെക്കിനെയും ചൈനീസ് ഹാക്കർമാർ ലക്ഷ്യമിട്ടതായി റിപ്പോർട്ട്. സൈബർ ഇന്റലിജൻസ് സ്ഥാപനമായ സൈഫേർമയാണ് ഇക്കാര്യം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന കുമാർ റിതേഷ് ആണ് സൈഫേർമയുടെ സി.ഇ.ഒ.മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായ എയിംസിനേയും പതഞ്ജലിയെയും വടക്കൻ കൊറിയ ആസ്ഥാനമായുള്ള ഹാക്കർമാർ ലക്ഷ്യമിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.
എ.പി.ടി10 , സ്‌റ്റോൺ പാണ്ട എന്നീ പേരുകളിലറിയപ്പെടുന്ന ചൈനീസ് ഹാക്കിംഗ് സംഘം ഭാരത് ബയോടെക്കിന്റെയും സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സോഫ്ട്‌വെയറിലെ പാളിച്ചകൾ കണ്ടെത്തിയെന്നും രോഗികളുടെ വിവരങ്ങൾ, കൊവിഡ് വാക്സിൻ ഗവേഷണ - ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ, വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ കൈക്കലാക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. അതേസമയം ഡേറ്റ ചോർച്ച നടന്നോയെന്നതിൽ സ്ഥിരീകരണമില്ല. ചൈനീസ് സർക്കാരിന്റെ പിന്തുണയോടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.
പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ നിർമ്മാണ മേഖലയിലെ ഏറ്റവും വലിയ ആഗോള കമ്പനികളിലൊന്നാണ്. അതേസമയം വാർത്തയോട് ചൈനീസ് വിദേശകാര്യമന്ത്രാലയവും സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും കേന്ദ്രസർക്കാരിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ കൂടാതെ ജപ്പാൻ, യു.എസ്, യു.കെ, ആസ്ട്രേലിയ, സ്പെയ്ൻ, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ഹാക്കർമാരുടെ നിരീക്ഷണ പരിധിയിലാണ്.
അതിനിടെ ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഊർജവിതരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് സൈബർ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. അതേസമയം പവർഗ്രിഡ് സംവിധാനത്ത് നേരയുണ്ടായ സൈബർ ആക്രമണത്തിൽ വിവര ചോർച്ചയുണ്ടായെന്ന വാർത്തകൾ കേന്ദ്രസർക്കാർ നിഷേധിച്ചു.