
ന്യൂഡൽഹി: മമതാബാനർജിയും ബി.ജെ.പിയും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പിയുടെ 20ലേറെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന അസാമിൽ ആറോളം റാലിയിൽ മോദിയുടെ സാന്നിദ്ധ്യമുണ്ടാകും. കേരളം,തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ റാലികൾ സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ വരും.
മാർച്ച് ഏഴിന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബി.ജെ.പിയുടെ ആദ്യ റാലി. പത്തുലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് വിവരം. റാലിയിൽ ആളെക്കൂട്ടാനുള്ള പ്രചാരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു.
പ്രധാനമന്ത്രി മുപ്പതോളം റാലികളിൽ പങ്കെടുക്കണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് മുന്നിൽ വച്ചത്. എന്നാൽ എട്ട് ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 20 റാലിയിലെങ്കിലും പ്രധാനമന്ത്രിയുണ്ടാകുമെന്ന ഉറപ്പാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം മൂന്നുഘട്ടമായി നടന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 12 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
മോദിയെ കൂടാതെ ബംഗാളിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവർ 50ഓളം റാലികൾ വീതം നടത്തും. ആയിരത്തിലേറെ റാലികൾക്കാണ് ബി.ജെ.പി പദ്ധതിയിടുന്നത്.