harshvardhan-vaccine

ന്യൂഡൽഹി: കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡൽഹി ഹാർട്ട് ആൻഡ് ലംഗ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് അദ്ദേഹവും ഭാര്യയും കൊവാക്‌സിൻ സ്വീകരിച്ചത്. കൊവിഡിനെതിരായ സഞ്ജീവനിയാണ് വാക്സിനെന്നും അർഹരായ എല്ലാവരും അത് സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡൽഹി ആർ.ആർ ആശുപത്രിയിൽ വച്ചും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള ശ്രീനഗറിലും നടൻ കമലഹാസൻ ചെന്നൈയിലും ഇന്ത്യൻ ക്രിക്കറ്റ് കോച്ച് രവിശാസ്ത്രി അഹമ്മദാബാദിലും കൊവിഡ് വാക്സിൻ സ്വീകരിച്ചു.

മേയ് അവസാനത്തോടെ രണ്ട് വാക്‌സിനുകൾ കൂടി രാജ്യത്ത് ലഭ്യമാവുമെന്ന് കൊവിഡ് 19 ടാസ്‌ക്ക് ഫോഴ്‌സ് ഓപ്പറേഷൻ റിസർച്ച് ഗ്രൂപ്പ് തലവൻ ഡോ.എൻ.കെ. അറോറ വ്യക്തമാക്കി. റഷ്യൻ സ്ഫുട്‌നിക്ക് വാക്‌സിൻ അടുത്ത ആറാഴ്ചയ്ക്കുള്ളിലും സൈഡസ് കാഡില വാക്‌സിൻ മേയ് അവസാനത്തോടെയും ലഭ്യമായേക്കും.

 മന്ത്രിക്ക് വാക്സിൻ വീട്ടിൽ: വിവാദം

കർണാടക കൃഷി മന്ത്രി ബി.സി പാട്ടീലിന് വീട്ടിലെത്തി വാക്‌സിൻ നൽകിയത് വിവാദമായി.
പ്രോട്ടോക്കോൾ ലംഘിച്ച് ഹവേരി ജില്ലയിലെ വീട്ടിലെത്തിയാണ് മന്ത്രിക്കും ഭാര്യയ്ക്കും ആരോഗ്യപ്രവർത്തകർ വാക്‌സിൻ നൽകിയത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. വീട്ടിലെത്തി വാക്സിൻ നൽകുന്നത് അനുവദിക്കാനാവില്ലെന്നും സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ബി.സി പാട്ടീലിന് ആഗസ്റ്റിൽ കൊവിഡ് ബാധിച്ചിരുന്നു.