
ന്യൂഡൽഹി: പീഡനത്തെത്തുടർന്ന് ഗർഭിണിയായ 14 കാരി ഗർഭഛിദ്രത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചു. ആറ് മാസത്തെ വളർച്ചയുണ്ട് കുഞ്ഞിന്. അതിനാൽ തന്നെ അമ്മയുടെ ആരോഗ്യത്തെ ഗർഭഛിദ്രം പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുള്ളതിനാൽ പെൺകുട്ടി ചികിത്സയിലുള്ള ഹരിയാനയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് സുപ്രീംകോടതി റിപ്പോർട്ട് തേടി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് അനുമതി തേടിയത്.
അടുത്ത ആഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം.എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ പിതാവിന്റെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയുള്ള പീഡനം മാസങ്ങൾ തുടർന്നു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രഗ്നൻസി നിയമപ്രകാരം 20 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം നടത്താനാവില്ല.