gulam-nabi-azad

നേതാക്കൾ തമ്മിൽ പരസ്യ വാക്ക്പോര്

ന്യൂഡൽഹി: കോൺഗ്രസിൽ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കളും ഹൈക്കമാൻഡും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.

ബംഗാളിൽ പീർസാദ മുഹമ്മദ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുന്നതിനെ ചൊല്ലിയാണ് പുതിയ തർക്കം. കോൺഗ്രസ് ആശയങ്ങൾക്കും ഗാന്ധിയുടെയും നെഹ്റുവിന്റെയും മതേതര കാഴ്ചപ്പാടുകൾക്കും വിരുദ്ധമാണ് സിദ്ദിഖിയുടെ പാർ‌ട്ടിയുമായുള്ള സഖ്യമെന്ന് ജി-23 എന്നറിയപ്പെടുന്ന തിരുത്തൽവാദി നേതാക്കളിൽ പ്രമുഖനായ മുതിർന്ന നേതാവ് ആനന്ദ് ശർമ്മ വിമർശിച്ചു. സഖ്യം സംബന്ധിച്ച് പ്രവ‌ർത്തകസമിതിയിൽ ചർച്ച ചെയ്തിട്ടില്ല. വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ പക്ഷപാതിത്വം പാടില്ല. എല്ലാ തരത്തിലുമുള്ള വർഗീയതയെയും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ ആനന്ദ് ശർമ്മയ്‌ക്കെതിരെ പശ്ചിമബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. അടിത്തട്ടിലെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെയുള്ള പരാമർശങ്ങൾ ശരിയല്ലെന്നും ബംഗാളിൽ മമതയെയും ബി.ജെ.പിയെയും തോല്പിക്കാൻ എല്ലാ മതേതര പാർട്ടികളുമായും യോജിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പ്രതിഛായയെ കളങ്കപ്പെടുത്തുന്ന പ്രസ്താവന ഭാവിയിലെ 'രാഷ്ട്രീയ ബോസി'നെ സന്തോഷിപ്പിക്കാനാണെന്നും അധീർ വിമർശിച്ചു.

അതിനിടെ ജമ്മുകാശ്‌മീരിൽ ഗുലാംനബിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കപിൽ സിബൽ, ആനന്ദ് ശർമ്മ, ഭുപീന്ദർ ഹൂഡ തുടങ്ങിയ നേതാക്കൾ ഹൈക്കമാൻഡിനെ വിമ‌ർശിച്ച സംഭവത്തിൽ, ജമ്മുകാശ്‌മീർ കോൺഗ്രസ് പ്രസിഡന്റ് ഗുലാംഅഹമദ് മിറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടി. സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജമ്മുകാശ്‌മീരിന്റെ ചുമതലയുള്ള രജനി പാട്ടീൽ എന്നിവരുമായി മിർ കൂടിക്കാഴ്ച നടത്തി. അതേസമയം മോദിയെ പുകഴ്ത്തിയുള്ള പ്രസ്താവനയിൽ വിശദീകരണവുമായി ഗുലാംനബി രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന് ഗുലാംനബി പ്രതികരിച്ചു.