
ന്യൂഡൽഹി: സർക്കാരിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി. ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫറൂഖ് അബ്ദുള്ള നടത്തിയ പരാമർശത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.
'' കേന്ദ്ര സർക്കാരിനോട് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാൻ കഴിയില്ല. ഒമർ അബ്ദുള്ള നടത്തിയ പ്രസ്താവനകളിലൊന്നും കുറ്റകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.''- ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
'പത്രത്തിൽ പേരു വരാൻ വേണ്ടി മാത്രം ഫയൽ ചെയ്ത ഹർജിയാണിതെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാനാകുമെന്നും ഇനി മേലിൽ ഇത്തരം ഹർജികളുമായി കോടതിയെ സമീപിക്കരുതെന്നും' കോടതി ഹർജിക്കാരെ താക്കീത് ചെയ്തു. തുടർന്ന് ഹർജിക്കാരായ രജത് ശർമ, ഡോ. നേഹ് ശ്രീവാസ്തവ എന്നിവർക്കെതിരെ 50,000 രൂപ പിഴയും ചുമത്തി. ഫറൂഖിനെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ വാദിഭാഗം പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളി.
ഹർജിക്കാർ നാലാഴ്ചയ്ക്കകം പിഴ ഒടുക്കണം. ഈ പണം സുപ്രീംകോടതി അഭിഭാഷകരുടെ വെൽഫയർ ഫണ്ടിലേക്ക് മാറ്റാമെന്നും കോടതി അറിയിച്ചു.
ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഫറൂഖ് അബ്ദുള്ള ഇന്ത്യയ്ക്കെതിരെ ചൈനയുടെയും പാകിസ്ഥാന്റെയും സഹായം തേടിയെന്നായിരുന്നു ഹർജിയിലെ ആരോപണം.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചൈന 'ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും' അവരുടെ പിന്തുണയോടെ കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫറൂഖ് അബ്ദുള്ള കഴിഞ്ഞ വർഷം ഒക്ടോബർ 2ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് ഹർജിക്ക് ആധാരം.
ഈ പ്രസ്താവന നടത്തുമ്പോൾ അദ്ദേഹം ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള വീട്ടിൽ തടങ്കലിൽ കഴിയുകയായിരുന്നു. 2020 മാർച്ച് 15നാണ് ഫറൂഖ് അബ്ദുള്ളയെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിച്ചത്.
ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനെതിരെയും ജമ്മു കാശ്മീരിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിനെതിരെയും സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.