sc

ന്യൂഡൽഹി: സിക്കിം ലോട്ടറിക്ക് സംസ്ഥാന സർക്കാർ നികുതിയിനത്തിൽ ഈടാക്കിയ തുക തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സ്റ്റേചെയ്തു. സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് നടപടി. വിശദമായി വാദം കേൾക്കാൻ തീരുമാനിച്ച കോടതി, സിക്കിം സർക്കാരിന് നോട്ടീസ് ഉത്തരവായി.

മൂല്യവർദ്ധിത നികുതി നിലവിൽ വരികയും ലോട്ടറി നറുക്കെടുപ്പിന് ലൈസൻസ് ഫീ ജനറൽ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെ 2005 ലാണ് സിക്കിം ലോട്ടറിക്ക് പുതിയ നികുതി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയത്.

സിക്കിം സർക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൊപ്രൈറ്റർ ജോൺ കെന്നഡിയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നികുതി ഈടാക്കുന്നത് സിംഗിൾ ബെഞ്ച് ശരിവച്ചു. അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്,

2005ലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നികുതിത്തുക തിരികെ നൽകണമെന്നും കഴിഞ്ഞ ഏപ്രിലിൽ ഉത്തരവിട്ടു. ലോട്ടറി വിഷയത്തിൽ നിയമ നിർമാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്നും സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമത്തിൽ ആരാണ് നികുതി നൽകേണ്ടത്, എത്രയാണ് നികുതി എന്നതിൽ വ്യക്തതയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.