
ന്യൂഡൽഹി: ഒരു വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശ സന്ദർശനത്തിനൊരുങ്ങുന്നു. മാർച്ച് 26, 27 തീയതികളിൽ ബംഗ്ലാദേശിലേക്കാണ് ആദ്യ സന്ദർശനം. ബംഗ്ലാദേശിന് സ്വതന്ത്ര്യം ലഭിച്ചതിന്റെ 50-ാം വാർഷികവും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും.
ധാക്കയിൽ നിന്ന് പശ്ചിമബംഗാളിലെ ന്യൂ ജൽപായ്ഗുഡിയിലേക്കുള്ള ട്രെയിൻ സർവീസും മോദി ഫ്ലാഗ് ഒഫ് ചെയ്യുമെന്നുമാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമനുമായി ചർച്ച നടത്തി.
ഡിസംബറിൽ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിൽ നടത്തിയ വെർച്ച്വൽ ഉച്ചകോടിക്ക് ശേഷമാണ് മോദി ബംഗ്ലാദേശ് സന്ദർശിക്കാൻ തീരുമാനിച്ചത്. കൊവിഡ് മഹാമാരിയെ തുടർന്നാണ് പ്രധാനമന്ത്രി വിദേശസന്ദർശനം നിറുത്തിവച്ചത്.
പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ അഞ്ചുവർഷത്തിനിടെ മോദി 57 രാജ്യങ്ങളിലേക്കായി 92 യാത്ര നടത്തിയതായാണ് 2019 ഏപ്രിലിൽ പുറത്തുവന്ന കണക്ക്.