
ന്യൂഡൽഹി: സെൻട്രൽ വിസ്റ്റ പദ്ധതി പ്രകാരം നിർമാണം ആരംഭിച്ചിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിനടിയിലൂടെ മൂന്ന് തുരങ്കം നിർമ്മിക്കുമെന്ന് റിപ്പോർട്ട്. രണ്ട് തുരങ്കങ്ങൾ പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും പുതിയ വസതികളിലേക്കും ഒന്ന് പാർലമെന്റ് അംഗങ്ങളുടെ ചേംബറിലേക്കുമായിരിക്കും.
വി.വി.ഐ.പികൾ പാർലമെന്റിലേക്ക് പ്രവേശിക്കുമ്പോഴും തിരികെ പോകുമ്പോഴുമുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ ഒഴിവാക്കാനാണിതെന്നാണ് വിവരം.
സെൻട്രൽ വിസ്റ്റ പദ്ധതിയിൽ പ്രധാനമന്ത്രിയുടെ വസതിയുടെയും പുതിയ പി.എം ഓഫീസിന്റെയും സ്ഥാനം സൗത്ത് ബ്ലോക്കിലാണ്. ഉപരാഷ്ട്രപതിയുടെ വസതി പാർലമെന്റിന്റെ വടക്ക് ഭാഗത്തും.
പദ്ധതിയുടെ ഭാഗമായി രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന മൂന്ന് കിലോ മീറ്ററുള്ള രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റമുണ്ടാകും. പാർലമെന്റിലേക്ക് സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന വിധമാണ് നിർദ്ദിഷ്ട സെൻട്രൽ വിസ്റ്റ പദ്ധതി. അതിനാൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വി.ഐ.പികൾക്ക് സന്ദർശകരിൽ നിന്ന് കൂടുതൽ സുരക്ഷ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ ഭൂഗർഭ പാതയെന്നും അധികൃതർ വ്യക്തമാക്കി.
64,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പാർലമെന്റ് മന്ദിരം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. 2021 നവംബറിൽ പദ്ധതി പൂർത്തിയാക്കും. പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം 2022 മാർച്ചിലും സെൻട്രൽ സെക്രട്ടേറിയറ്റിന്റെ നിർമ്മാണം 2024 മാർച്ചിലും പൂർത്തീകരിക്കുകയാണ് ലക്ഷ്യം.