
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഭാര്യ ഗുർശരൺ കൗറും എയിംസിലെത്തി ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി തലവൻ നിപേന്ദ്രമിശ്രയും എയിംസിലെത്തി കൊവാക്‌സിൻ സ്വീകരിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ, ധനമന്ത്രി നിർമ്മല സീതാരാമൻ, ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ, ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാൽ, ജമ്മുകാശ്‌മീർ ലെഫ്.ഗവർണർ മനോജ് സിൻഹ തുടങ്ങിയ പ്രമുഖരും വിവിധ ആശുപത്രികളിലെത്തി വാക്സിൻ സ്വീകരിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ വാക്സിൻ കുത്തിവയ്പ് തുടങ്ങി. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എം.എസ്. ഗിൽ ആദ്യ വാക്സിൻ സ്വീകരിച്ചു.
അതേസമയം, മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ 85.51 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 17,407 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 89 പേർ മരിച്ചു.
ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,73,413 ആയി. ഇത് ആകെ രോഗികളുടെ 1.55 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 23 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.