mulla

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണകെട്ട് സുരക്ഷിതമാണെന്നും പ്രളയവും ഭൂചലനവും അതിജീവിക്കാൻ ശേഷിയുണ്ടെന്നും വ്യക്തമാക്കി കേന്ദ്ര ജല കമ്മിഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചതിനെതിരെയുള്ള ഹർജി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കെയാണ് ജല കമ്മിഷൻ സത്യവാങ്മൂലം നൽകിയത്.
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചത് ഏകപക്ഷീയമായോ നിയമവിരുദ്ധമായോ അല്ലെന്നും വിശദമായ പരിശോധനകൾക്കു ശേഷമാണ് ഉന്നതാധികാര സമിതി അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി ആരോപിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, ജെസി മോൾ ജോസ് എന്നിവരാണ് ഹർജി നൽകിയത്. 2014 ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രമെന്റേഷൻ സ്‌കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് മേൽനോട്ട സമിതിയാണ്. സമിതി ഇത് ചെയ്യുന്നില്ലെന്നും കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേരുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.