
ന്യൂഡൽഹി: ബോളിവുഡ് താരം തപ്സി പന്നു, സംവിധായകൻ അനുരാഗ് കശ്യപ്, അദ്ദേഹത്തിന്റെ നിർമ്മാണ സ്ഥാപനമായ ഫാന്റം ഫിലിംസിലെ സഹനിർമ്മാതാക്കൾ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ക്രമക്കേടും തിരിമറിയും കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ട് മുംബയ്, പൂനെ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലായി 28 സ്ഥലങ്ങളിലെ വസതികളിലും ഓഫീസുകളിലും മറ്റുമായി റെയ്ഡ് നടത്തി. യഥാർത്ഥ ബോക്‌സ് ഓഫീസ് കളക്ഷനും വെളിപ്പെടുത്തിയ തുകയും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തി. ബോക്‌സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ട് 300 കോടിയുടെ ക്രമക്കേടിനെക്കുറിച്ച് നിർമ്മാണക്കമ്പനിക്ക് വിശദീകരിക്കാനായിട്ടില്ല. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് 350 കോടിയുടെയും കൃത്രിമവും കണ്ടെത്തി. തപ്സി പന്നുവിന് നൽകിയ അഞ്ച് കോടിയുടെ രസീത് കണ്ടെത്തി.
ഏഴ് ബാങ്ക് ലോക്കറുകൾ മരവിപ്പിച്ചു. ഇ-മെയിൽ, വാട്‌സാപ്പ് ചാറ്റ്, ഹാർഡ് ഡിസ്‌ക് തുടങ്ങിയ ഡിജിറ്റൽ ഡാറ്റകൾ പിടികൂടിയിട്ടുണ്ട്. പരിശോധനയും അന്വേഷണവും തുടരുകയാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.