
''ഭാര്യാഭർത്താക്കന്മാരായി ജീവിക്കുമ്പോൾ, ഭർത്താവ് ക്രൂരനാണെങ്കിലും അവർ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമെന്ന് വിളിക്കാൻ കഴിയുമോ? '' അടുത്തിടെ പരമോന്നത നീതിപീഠത്തിൽ നിന്ന് ഉയർന്ന് കേട്ട ചോദ്യമാണ്. വൈവാഹികജീവിതത്തിലെ ബലാത്സംഗങ്ങൾ ക്രിമിനൽ കുറ്റമല്ലാത്ത ഇന്ത്യയിൽ ഇത് നിയമപരമായി കുറ്റമറ്റല്ലെങ്കിലും ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അവളെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നത് കുറ്റം തന്നെയല്ലേ? ആണെന്നാണ് രാജ്യത്തിന്റെ പലകോണിൽ നിന്നുള്ള സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർ പ്രതികരിച്ചത്. എന്നാൽ ഈ മാരിറ്റൽ റേപ്പ് അല്ലെങ്കിൽ ഭർത്തൃ ബലാത്സംഗത്തിന് തടയിടാനോ സ്ത്രീകൾക്ക് നിയമപരിരക്ഷ നൽകാനോ ഉള്ള നിയമം നമുക്കില്ലെന്നതാണ് യാഥാർത്ഥ്യം.
പതിറ്റാണ്ടുകൾ നീളുന്ന പീഡനം
ആഗ്രഹിക്കാത്ത ലൈംഗിക ബന്ധം സഹിക്കേണ്ടിവരുന്നവരിൽ, ലൈംഗികത്തൊഴിലാളികളേക്കാൾ അധികവും വിവാഹബന്ധം നയിക്കുന്ന സ്ത്രീകളാണെന്ന് നൊബേൽ ജേതാവും തത്വചിന്തകനുമായ ബെർട്രാൻഡ് റസൽ പതിറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞിരുന്നു. ഇന്ത്യയിലെ അവിവാഹിതരായ സ്ത്രീകളിൽ 1.8 ശതമാനം മാത്രമേ ലൈംഗികാതിക്രമം നേരിട്ടിട്ടുള്ളൂ. എന്നാൽ, വിവാഹിതരായ 6.7 ശതമാനം സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. ഇപ്പോൾ ബെർട്രാൻഡ് റസലിന്റെ വാചകത്തിന്റെ പൊരുൾ പിടികിട്ടിയില്ലോ അല്ലേ.
2000 ത്തിലെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ മൂന്നിലൊരു ഭാര്യ, ഭർതൃബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. നിർബന്ധിത ലൈംഗികബന്ധം, അക്രമം നിറഞ്ഞ ലൈംഗികബന്ധം (ഗാർഹിക പീഡനമുൾപ്പെടെ), സാഡിസ്റ്റിക് റേപ് (പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കൽ) തുടങ്ങിയവയെല്ലാം ഇത്തരം മാരിറ്റൽ റേപ്പിന്റെ ഭാഗമാണ്. എന്നിട്ടും ക്രിമിനൽ നിയമം 2013ൽ ഭേദഗതിചെയ്തപ്പോൾ മാരിറ്റൽ റേപ്പിനെ ബലാത്സംഗത്തിന്റെ പരിധിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നില്ല. ദേശീയ ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ 2019ലെ കണക്കുകൾ പ്രകാരം രാജ്യത്തെ 70 ശതമാനം സ്ത്രീകളും ഗാർഹിക പീഡനങ്ങളുടെ ഇരകളാണ്.
2015 - 16 ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾ പ്രകാരം വീടിനുള്ളിൽ നിന്ന് സ്ത്രീകൾ ഏൽക്കേണ്ടി വരുന്ന പീഡനങ്ങളിൽ 99.1 ശതാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. തൊണ്ണൂറ് ശതമാനം സ്ത്രീകളും സ്വന്തം മാതാപിതാക്കളെ പോലും ഇത് അറിയിക്കുന്നില്ല. അപരിചിതരിൽ നിന്ന് ഏറ്റുവാങ്ങുന്ന പീഡനങ്ങളുടെ 17 ഇരട്ടി പീഡനങ്ങളാണ് ഇന്ത്യൻ സ്ത്രീകൾ സ്വന്തം ഭർത്താക്കന്മാരിൽ നിന്ന് നേരിടുന്നത്. മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമല്ലാത്ത 36 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇപ്പോഴും. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഇന്ത്യ മാരിറ്റൽ റേപ്പ് നിയമവിരുദ്ധമാക്കണമെന്ന് 2013ൽ യു.എൻ. കമ്മിറ്റി നിർദേശിച്ചിരുന്നു. നിർഭയ കേസ് അന്വേഷിച്ച ജെ.എസ്. വെർമ കമ്മിറ്റിയും ഇതേ നിർദേശം മുന്നോട്ട് വച്ചിരുന്നു. എന്നാൽ പാർലമെന്ററി കമ്മറ്റി അത് ഒഴിവാക്കി. ഭർതൃ ബലാത്സംഗം കുറ്റകൃത്യമാക്കുന്നത് പരമ്പരാഗതമായ കുടുംബമൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് പാർലമെന്ററി കമ്മറ്റി വാദിച്ചത്. നിലവിലുള്ള നിയമങ്ങളെല്ലാം സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് പര്യാപ്തമായിരിക്കെ ഭർതൃ ബലാത്സംഗത്തെ ക്രിമിനൽ കുറ്റമായി കാണുന്ന പുതിയ നിയമം വേണ്ടതില്ല എന്നായിരുന്നു സർക്കാർ പക്ഷം.
ഭാര്യ ഭർത്താവിന്റെ സ്വത്തല്ല
തന്റെ കൂടെ ജീവിക്കണമെന്ന് നിർബന്ധിക്കാവുന്ന തരത്തിൽ ഭർത്താവിന്റെ സ്വത്തോ അടിമയോ അല്ല ഭാര്യയെന്ന് സുപ്രീംകോടതി അടുത്തിടെ പരാമർശിച്ചിരുന്നു. എന്നാൽ വിവാഹശേഷം സ്വന്തം ശരീരത്തെക്കുറിച്ചു പോലും തീരുമാനമെടുക്കാൻ കഴിയാത്തവരായാണ് സ്ത്രീകളെ ഇന്ത്യൻ പൊതുസമൂഹം കാണക്കാക്കുന്നത്. പലപ്പോഴും വിവാഹം സ്ത്രീകളെ നിർബന്ധതിത പീഡനങ്ങൾക്ക് ഇരയാക്കാൻ വിട്ടുനൽകുന്നതിനുള്ള ഒരു ലൈസൻസായി മാറുന്നു. ഇത്തരം പീഡനങ്ങൾ മാനസികമായും ശാരീരികമായും സ്ത്രീകളെ തളർത്തുന്നു.
ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിലെ ഏത് പൗരനും ഭരണഘടന നൽകുന്നുണ്. ഭർതൃബലാത്സംഗത്തെ കുറ്റകൃത്യമായി പരിഗണിക്കാത്തതിലൂടെ സ്ത്രീകൾക്ക് ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം കൂടിയാണ് നിഷഷേധിക്കുന്നത്.
നിയമം കൊണ്ട് നിരോധിക്കണം
മാരിറ്റൽ റേപ് എന്നത് ഒരിക്കലും ഭർത്താക്കന്മാരുടെ അവകാശമല്ല, പകരം അത് കുറ്റകരമാകേണ്ട അനീതിയും അക്രമവുമാണെന്ന് 2018ൽ ഒരു കേസിൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പർദിവാല അഭിപ്രായപ്പെട്ടിരുന്നു. മാരിറ്റൽ റേപ്പിന്റെ നിയമപരമായ നിരോധനമാണ് ആദ്യം വരേണ്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ മുന്നോട്ടു കൊണ്ടുവരാൻ പോലും ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.സിയിലെ ബലാത്സംഗത്തിന്റെ നിർവചനത്തിൽ നിന്ന് ഭർതൃബലാത്സംഗത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കുക എന്നതാണ് ഇതിൽ നിയമപരമായി ചെയ്യാനാവുന്ന കാര്യം. ഒന്നുകിൽ പാർലമെന്റ് അല്ലെങ്കിൽ കോടതിയാണ് ഇതിൽ ഇടപെടേണ്ടത്. ലൈംഗിക വിദ്യാഭ്യാസവും ലൈംഗികതയിലെ ജനാധിപത്യബോധവുമെല്ലാം പരമപ്രധാനമാണെന്ന പാഠം വിദ്യാഭ്യാസത്തിലൂടെയും മന:ശാസ്ത്രപരമായും പകർന്നു നൽകാവുന്നതാണ്.